സിപിഎം നേതാവും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവിയും തേങ്കുറിശ്ശി ലോക്കല്‍ കമ്മിറ്റി അംഗമായ ഭര്‍ത്താവും ഉള്‍പ്പെടെ ഏഴുപേര്‍ മുക്കുപണ്ടം പണയം വച്ച് അരക്കോടി തട്ടിയ കേസില്‍ അറസ്റ്റില്‍. ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് പത്തിരിപ്പാല ശാഖയിലെ സീനിയർ അക്കൗണ്ടന്‍റ് മോഹനകൃഷ്ണന്‍റെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പിലാണ് സഹോദരിയായ ലക്ഷ്മീദേവിയും ബന്ധുക്കളും പിടിയിലായത്.
ബാങ്കിലെ സീനിയർ അക്കൗണ്ടന്‍റ് മോഹനകൃഷ്ണൻ, ഇയാളുടെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി ഇവരുടെ ഭർത്താവും സിപിഎം തേങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി.വാസുദേവൻ, മകൻ വിവേക്, ഭാര്യ ശരണ്യ, സുഹൃത്തുക്കളായ ഹരിലാൽ, അരവിന്ദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി ഇവർ ഒളിവിലായിരുന്നു. ബാങ്ക് മാനേജർ നൽകിയ പരാതി പ്രകാരം നടന്ന അന്വേഷണമാണു ലക്ഷ്യം കണ്ടത്. മോഹനകൃഷ്ണനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നു മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി 45.50 ലക്ഷം രൂപ തട്ടിയെന്നാണു കേസ്. ബാങ്ക് അധികൃതർ രേഖകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ആദ്യ ഘട്ടത്തിൽ 21 ലക്ഷം രൂപയുടെ തട്ടിപ്പു കണ്ടെത്തിയത്. പിന്നാലെ മോഹനകൃഷ്ണൻ സസ്പൻഷനിലായി. പിന്നീടു പൊലീസിന്‍റെ വിശദമായ പരിശോധനയിൽ 18.50 ലക്ഷം രൂപയുടെ കൂടി തട്ടിപ്പു നടന്നതായി കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ വിവിധ ഘട്ടങ്ങളിലായിട്ടായിരുന്നു തട്ടിപ്പ്. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഏഴുപേരും പിടിയിലായത്.