rbindhu-letter
  • മന്ത്രി ബിന്ദുവിന് നേരിട്ടു നൽകിയ നിവേദനം മാലിന്യത്തിൽ
  • ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി
  • സ്റ്റാഫിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും

‘ശാരീരിക വൈകല്യം അനുഭവിക്കുന്ന എന്റെ ഭര്‍ത്താവിന്റെ സ്ഥലംമാറ്റ അപേക്ഷയുടെ കോപ്പി ഇതിനാല്‍ സമര്‍പ്പിക്കുന്നു. ദയവുചെയ്ത് സര്‍വീസിന്റെ ഈ അവസാന വര്‍ഷത്തില്‍, എന്റെ ഭര്‍ത്താവിന്റെ സ്ഥലം മാറ്റം അനുവദിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു’ ഭര്‍ത്താവിന് വേണ്ടി തൃശൂര്‍ ചേറൂര്‍ മരുതൂരിലെ വീട്ടമ്മ നിവേദനം മന്ത്രി ആര്‍ ബിന്ദുവിന് നേരിട്ട് നല്‍കുന്നു. കാര്യം പരിഹരിക്കാം എന്ന് മന്ത്രിയുടെ വാക്ക്. വലിയ പ്രതീക്ഷയോടെ പോയ ആ വീട്ടമ്മ പിന്നെ അറിയുന്നത് നിവേദനം വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തുവെന്നാണ്. 

തൃശൂരിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിലാണ് മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയത്. ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിക്കാൻ ഭാര്യയാണ് അപേക്ഷ നൽകിയത്. മന്ത്രി പങ്കെടുത്ത പരിപാടിയുടെ മാലിന്യങ്ങൾ തൃശൂർ ചേർപ്പിൽ വഴിയോരത്ത് തള്ളിയ നിലയിലായിരുന്നു. ഇതിൽ നിന്നാണ് സ്ഥലംമാറ്റ അപേക്ഷ കിട്ടിയത്. 

അതേസമയം തനിക്ക് നല്‍കിയ അപേക്ഷ ചവറുകൂനയില്‍കാണപ്പെട്ടത് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. പേഴ്സണ്‍ സ്റ്റാഫിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. അപേക്ഷ പൊതുസ്ഥലം മാറ്റത്തില്‍പരിഗണിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ബിന്ദു പ്രസ്താവനയില്‍ അറിയിച്ചു.