കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നിർമ്മാണത്തിലിരുന്ന വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നില്‍ക്കുന്ന ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാള്‍ കൊല നടത്തിയതെന്നാണ് ലഭിക്കുന്നവിവരം. വൈകിട്ട് 7:27ന് മറ്റൊരു പോസ്റ്റും കൂടി ഇയാള്‍ കുറിച്ചിട്ടുണ്ട്. 'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്. എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.
രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ലൈസൻസ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്നത്. നിലവിൽ പ്രതി പരിയാരം പോലീസ് സ്റ്റേഷനിലാണ്.