കൊച്ചി എസ്.ആര്‍.എം റോഡിൽ മദ്യപാനത്തിനിടെ സംഘർഷം ഉണ്ടാക്കിയ യുവാക്കൾ നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. യുവാക്കളെ തടഞ്ഞു വയ്ക്കാൻ ശ്രമിച്ച നാട്ടുകാരെ കാറിടിച്ചു കൊലപ്പെടുത്താൻ യുവാക്കളുടെ ശ്രമം. കത്തി വീശിയ യുവാക്കളിൽ ഒരാളെ നാട്ടുകാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. എസ്.ആര്‍.എം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന യുവാക്കൾ തമ്മിലാണ് മദ്യപാനത്തിനിടെ തർക്കം ഉണ്ടായത്. ബഹളം കേട്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെ അഞ്ച് യുവാക്കൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. യുവാക്കളെ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചതോടെ നാട്ടുകാരെ ഇടിച്ചു തെറിപ്പിച്ച് സംഘം കാറുമായി കടന്നു. കാറിന്‍റെ ബോണറ്റിൽ അകപ്പെട്ട നാട്ടുകാരനെ അര കിലോമീറ്ററോളം വലിച്ചിഴച്ചു.
പെട്ടന്ന് കാറിൽ കയറി രക്ഷപെടാൻ കഴിയാത്ത സംഘത്തിൽ പെട്ട ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. കാറിൽ രക്ഷപെട്ടവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ നാട്ടുകാരനായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.