കോട്ടയം വയലായിൽ പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം. 3 പൊലീസുകാർക്ക് പരുക്കേറ്റു. ലഹരി ഉപയോഗിച്ച് യുവാക്കൾ പ്രശ്നം ഉണ്ടാക്കുന്നെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാൻ എത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണം.
മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ലഹരി ഉപയോഗിച്ച യുവാക്കളുടെ സംഘം സ്ഥലത്ത് പ്രശ്നം ഉണ്ടാക്കുന്ന വിവരത്തെത്തുടർന്നാണ് മരങ്ങാട്ടുപിള്ളി പൊലീസ് വയലായിൽ എത്തുന്നത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസുകാരെ പ്രതികൾ തടഞ്ഞതോടെ പിടിവലിയും സംഘർഷവും. മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരുടെ യുണിഫോം വലിച്ചുകീറുകയും ആക്രമിക്കുകയും ചെയ്തു. ആർക്കും ഗുരുതരമായ പരുക്കില്ല.
ലഹരി സംഘത്തിലെ 6 പേരെ മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്. പിടികൂടിയ പ്രതികളെ വിശദമായി ചോദ്യംചെയ്യും. പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് യുവാക്കൾക്കെതിരെ കേസെടുക്കും. പ്രതികൾ മുൻപും മദ്യലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.