കൊല്ലത്ത് മയക്കുമരുന്നുമായി പിടിയിലായ അനില രവീന്ദ്രൻ പൊലീസിന്‍റെ നോട്ടപ്പുള്ളി. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്രനെ നേരത്തെയും എംഡിഎംഎ കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് 34 കാരിയായ യുവതിയെ നീണ്ടകര പാലത്തിനു സമീപത്ത് നിന്നും പൊലീസ് 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കർണാടക രജിസ്ട്രേഷൻ കാറിൽ കൊല്ലത്തേക്ക് വരുന്നതിനിടെയാണ് അനിലയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടിയത്
കർണാടകത്തിൽ നിന്നും കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എംഡി എം എ വാങ്ങി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ തന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാർ കാണപ്പെട്ടു.
ഇന്നലെ പിടിയിലായ അനിലയിൽ നിന്ന് 40.45 ഗ്രാം എംഡിഎംഎ കൂടി ഇന്ന് കണ്ടെത്തി. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ. വൈദ്യ പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയത്.