കോഴിക്കോട് താമരശേരിയില്‍ പൊലീസിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വീട്ടില്‍ ബഹളംവച്ച ഫായിസ് പൊലീസ് എത്തിയപ്പോഴാണ് ലഹരിമരുന്ന് വിഴുങ്ങിയത്. ആദ്യം എംഡിഎംഎ വിഴുങ്ങിയെന്ന് സമ്മതിച്ച ഫായിസ് പിന്നീട് മൊഴി തിരുത്തിയിരുന്നു. അരേറ്റുംചാൽ സ്വദേശിയാണ് ഫായിസ്.
എംഡിഎംഎ വിഴുങ്ങിയതായി ഫായിസ് പൊലീസിനോട് പറഞ്ഞതിനു പിന്നാലെ യുവാവിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി ഫായിസിനെ പിടികൂടുന്നത്. മാതാപിതാക്കളെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്നായിരുന്നു ഭീഷണി. പൊലീസ് എത്തിയപ്പോൾ ഇറങ്ങി ഓടിയ ഫായിസിന്‍റെ കൈയിലുണ്ടായിരുന്ന എംഡിഎംഎയാണ് വിഴുങ്ങിയത് എന്നാണ് കരുതുന്നത്.