കോഴിക്കോട് ലഹരിക്കടിമയായ രാഹുലിന് ചോര കാണുന്നത് ലഹരിയെന്ന് അമ്മ. ഞരമ്പ് മുറിച്ചത് ആത്മഹത്യ ചെയ്യാനല്ല, രക്തം ചീറ്റുന്നത് കാണാനാണ്. മകന്‍ പുറത്തിറങ്ങുമ്പോള്‍ തനിക്ക് പേടിയുണ്ടെന്നും അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. മനോരമ ന്യൂസിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് കോഴിക്കോട് എലത്തൂരിൽ ലഹരിക്കടിമയായ പിടികിട്ടാപ്പുള്ളിയായ മകനെ സ്വന്തം അമ്മ തന്നെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുന്നത്. ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ മനോരമ ന്യൂസ് സംഘത്തിന്റെ സഹായത്തോടെ ആണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. അറസ്റ്റിന് മുമ്പ് മാധ്യമങ്ങളെ കാണണമെന്ന് പ്രതി വാശി പിടിച്ചതിനെത്തുടർന്ന് പൊലീസ് മനോരമ ന്യൂസിനെ വിളിച്ചു വരുത്തുകയായിരുന്നു. മകന്റെ മർദനം താങ്ങാൻ ആയില്ലെന്ന് പ്രതിയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.
പൊലീസിന്റെ അഭ്യർഥന പ്രകാരം എത്തിയ മനോരമ സംഘം കണ്ടത് കഴുത്തിൽ ബ്ലേഡ് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്ന പ്രതിയെയാണ്. മുമ്പ് മൂന്ന് തവണ ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയെ അനുനയിപ്പിച്ച് പ്രതികരണം എടുത്തു. എംഡിഎംഎ അടക്കമുള്ള ലഹരി സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച പ്രതി തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന് പറഞ്ഞെങ്കിലും പലതിനും കൃത്യമായ മറുപടി ഉണ്ടായില്ല. അറസ്റ്റിന് വഴങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് അമ്മ നെഞ്ച് പൊട്ടുന്ന സങ്കടം പങ്കുവച്ചത്
ലഹരി കച്ചവടം, പീഡനം, മോഷണം, അടിപിടി തുടങ്ങിയ കേസുകളിൽ പിടികിട്ടപ്പുള്ളിയായ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതായിരുന്നു. പ്രതിക്കായി തിരച്ചിൽ നടക്കുന്നതിനിടെ ആണ് അമ്മ തന്നെ വിളിച്ച് മകനെ കൈയ്യോടെ പൊലീസിൽ ഏല്പിച്ചത്.