താമരശേരി ഷിബിലയുടെ കൊലപാതകത്തില്‍ പൊലീസിനെതിരെ കുടുംബം. വധ ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് ഗൗരവമായി എടുത്തില്ല. ലഹരിയുടെ അതിപ്രസരം കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും കുടുംബം പറഞ്ഞു. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു. പ്രതിയുടെ കുടുംബാംഗങ്ങളും വീട്ടില്‍വെച്ച് ഷിബിലയെ ഉപദ്രവിക്കാമായിരുന്നുവെന്ന് ഷിബിലയുടെ ബന്ധുവും മാധ്യമങ്ങളോട് പ്രതികരിച്ചു.
‘മദ്യപിച്ചെത്തുന്ന യാസിര്‍ ഷിബിലയെ മര്‍ദിക്കുമായിരുന്നു. ഷിബിലയുടെ സഹോദരിയുടെ വീട്ടിൽ എത്തിയും യാസിർ പ്രശ്നങ്ങൾ ഉണ്ടാക്കി. പൊലീസിൽ പരാതി നൽകിയപ്പോൾ സ്റ്റേഷനിലേക്ക് രണ്ട് കുടുംബങ്ങളെയും വിളിപ്പിച്ചിരുന്നു. പിന്നീട് യാതൊരു നടപടിയും പൊലീസ് എടുത്തില്ല. യാസിർ നന്നാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പൊലീസ് നടപടി എടുത്താൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു. യാസിറിന്‍റെ കുടുംബം പ്രശ്നം പരാതി പരിഹരിക്കാൻ തയ്യാറായിരുന്നില്ല’ കുടുംബം പറയുന്നു. പൊലീസിൻ്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കുമെന്നും കുടുംബം പറഞ്ഞു. അതേസമയം കേസില്‍ പൊലീസിന്റെ വീഴ്ച സമ്മതിച്ച് റൂറല്‍ എസ്.പി കെ.ഇ ബൈജു രംഗത്തെത്തി. ഷിബിലയുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും റൂറല്‍ എസ്.പി മനോരമ ന്യൂസിനോട് പറഞ്ഞു.
കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് യാസിര്‍ ഷിബിലയെ വകവരുത്തിയെതെന്നാണ് പൊലീസ് പറയുന്നത്. ഷിബിലയെ കൊല്ലുമെന്ന് പല തവണ ഭീഷണി മുഴക്കിയ ശേഷമായിരുന്നു ഒടുവില്‍ ക്രൂരകൊലപാതകം. വീട്ടു പരിസരത്ത് നിന്ന് ആളൊഴിഞ്ഞെന്ന് ഉറപ്പുവരുത്തിയാണ് യാസിര്‍ കൈയ്യിൽ കരുതിയ കത്തി കൊണ്ട് ഷിബിലയുടെ കഴുത്തിൽ കുത്തിയത്. ഷിബിലയെ രക്ഷിക്കാൻ എത്തിയ അബ്ദുൽ റഹ്മാനെയും ഹസീനയെയും കുത്തി, കാറിൽ രക്ഷപ്പെട്ടു.
യാസിറിന്‍റെ അക്രമം തുടർന്നപ്പോൾ കഴിഞ്ഞ ഫെബ്രുവരി 28 ന് പൊലീസിൽ പരാതിയുമെത്തിയിരുന്നു ഷിബില. തന്‍റെയും കുഞ്ഞിന്‍റെയും വസ്ത്രം പോലും യാസിർ തരുന്നില്ലെന്ന് പറഞ്ഞിട്ടും താമരശേരി പൊലീസ് അനങ്ങിയില്ല. കഴിഞ്ഞ മാസം സ്വന്തം അമ്മയെ വെട്ടിക്കൊന്ന ആഷിഖ് യാസിറിന്‍റെ സുഹൃത്താണെന്ന് അറിഞ്ഞപ്പോൾ ഷിബില ഭയന്നിരുന്നു. യാസിറിന്‍റെ കൂടെ ജീവിച്ചാൽ മരണം ഉറപ്പാണെന്ന് അറിയാമായിരുന്നു ഷിബിലയ്ക്ക്. അങ്ങനെ അഭയം തേടിയതാണ് സ്വന്തം വീട്ടില്‍. എന്നാല്‍ ഒരു മാസങ്ങൾക്കിപ്പുറം ഷിബില ഭയന്നതു പോലെ സംഭവിക്കുകയും ചെയ്തു.