kannur

TOPICS COVERED

കണ്ണൂർ മാട്ടൂലിൽ പഞ്ചായത്ത് പ്രസിഡന്റിന് ലഹരി മാഫിയയുടെ ഭീഷണി. പഞ്ചായത്തിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു.  

ലഹരിമാഫിയ നാട്ടിൽ പിടിമുറുക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രസിഡന്റും സംഘവും വടിയെടുത്തത്.ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കുക എന്നതായിരുന്നു ആദ്യ പടി. മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ യുവാക്കളെ സംഘടിപ്പിച്ച്‌ ധീര എന്ന പേരിൽ ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. 800ലധികം പേരുണ്ട് ഇതിൽ അംഗങ്ങളായി. ലഹരി വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തേടി ആ സംഘം രാപ്പകൽ ഉണർന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ധീരയും പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ പിടിയിലായത് 15ലധികം ആളുകൾ. ലഹരി സംഘങ്ങൾ തമ്പടിക്കുന്ന പഴകിയ കെട്ടിടങ്ങൾ പലതും ധീരയുടെ പ്രവർത്തകർ ഇടിച്ചു നിരത്തി.

ഈ പ്രവർത്തനമാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർക്കെതിരെ ലഹരി സംഘം ആദ്യം സൈബർ ആക്രമണം അഴിച്ചുവിട്ടു. പിന്നാലെ ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണി പ്രസിഡണ്ടിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

In a disturbing turn of events, the Panchayat President of Mattool, Kannur, Farrish Abid, has received threats from drug mafia groups. These threats come as a reaction to the anti-drug initiatives being implemented in the area. The Panchayat President lodged a complaint with the Police, leading to a case being filed by the Pazhyangadi Police. This marks a significant moment in the ongoing struggle against drug-related crimes in the region.