ഇടുക്കി തൊടുപുഴയിൽ ബിസിനസ് പങ്കാളിയെ കൊന്ന് മൻഹോളിൽ ഉപേക്ഷിച്ചത് മൂന്ന് ദിവസത്തെ ആസൂത്രണത്തിന് ശേഷം. ബിജു ജോസഫ് കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള ബിസിനസ് അവസാനിപ്പിച്ചത് പരസ്പര ധരണയോടെയെന്ന രേഖ മനോരമ ന്യൂസിന് ലഭിച്ചു.
ബിജു ജോസഫിനെ തട്ടിക്കൊണ്ട് പോകാൻ ഈ മാസം 15 നാണ് പ്രതികൾ തൊടുപുഴയിലെത്തിയത്. ബിജുവിനെ നിരീക്ഷിച്ച ശേഷം 19 ന് രാത്രി തട്ടിക്കൊണ്ട് പോകാനായിരുന്നു പദ്ധതി. എന്നാൽ ബിജു നേരെത്തെ വീട്ടിൽ മടങ്ങിയെത്തിയതോടെ കണക്കുകൂട്ടലുകൾ തെറ്റി. അന്ന് രാത്രി മുഴുവൻ വീടിന് സമീപം തങ്ങിയ പ്രതികൾ പുലർച്ചെ സ്കൂട്ടർ തടഞ്ഞ് ബിജുവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി ഗോഡൗണിലെ മാൻഹോളിൽ ഉപേക്ഷിക്കുകയായിരുന്നു. മുഖ്യപ്രതി ജോമോൻ ബിജുവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുണ്ടായതോടെ കഴിഞ്ഞവർഷമാണ് ഇരുവരും പങ്കാളിത്തത്തോടെ നടത്തിയ ബിസിനസ് കരാർ പ്രകാരം അവസാനിപ്പിച്ചത്. പ്രതി ജോമിനുമായി നടത്തിയ തെളിവെടുപ്പിൽ ബിജുവിന്റെ ചെരുപ്പും പേപ്പർ സ്പ്രേയും, മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി.
കാപ്പാ കേസിൽ റിമാൻഡിലുള്ള മറ്റൊരു പ്രതി ആഷിക്കിനെ അടുത്തദിവസം തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കും. കേസിലെ ഒന്നാം പ്രതി ജോമോനെ തൊടുപുഴ സെഷൻസ് കോടതി റിമാൻഡ് ചെയ്തു.