മീററ്റില്‍ കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് മുന്‍പ് മുസ്കാന്‍ റസ്തോഗി ഭര്‍ത്താവ് സൗരഭ് രജ്പുതിനെ മയക്കികിടത്താന്‍ അദ്ദേഹത്തിന്‍റെ മരുന്ന് കുറിപ്പടിയിൽ കൃത്രിമം കാണിച്ചതായി പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ മാറ്റിയ കുറിപ്പടി നല്‍കിയാണ് സമീപത്തുള്ള ഉഷ മെഡിക്കല്‍സില്‍ നിന്നും ഉറക്ക ഗുളികകൾ വാങ്ങിയത്. ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കുന്നതിനു മുൻപായിരുന്നു ഇത്. അന്വേഷണത്തിന്‍റെ ഭാഗമായി ഉഷ മെഡിക്കല്‍സില്‍ അന്വേഷണ സംഘം പരിശോധന നടത്തി.
അതേസമയം കോടതി റിമാന്‍ഡ് ചെയ്ത പ്രതികള്‍ നിലവില്‍ മീററ്റ് ജില്ലാ ജയിലിലാണുള്ളത്. ജയിലില്‍ കാമുകനൊപ്പം താമസിക്കണമെന്ന് മുസ്കാന്‍ റസ്തോഗി ആവശ്യം ഉന്നയിച്ചു . എന്നാല്‍ അഭ്യര്‍ഥന ജയില്‍ അധികൃതര്‍ തള്ളി. വ്യത്യസ്ത ബാരക്കിലാണ് ഇരുവരെയും താമസിപ്പിച്ചിട്ടുള്ളത്. ഏകദേശം 1.50 കിലീമീറ്റര്‍ ദൂരത്തിലാണ് ഇരു ബാരക്കുകളും. വനിതാ വിചാരണ തടവുകര്‍ക്ക് അനുവദിക്കുന്ന ബാരക്ക് 12 ലാണ് മുസ്കാനെ പാര്‍പ്പിച്ചിരിക്കുന്നത്. സാഹില്‍ 18-ാം ബാരക്കിസലാണ്. ഇതുവരെ അടുത്ത കുടുംബാംഗങ്ങള്‍പോലും ഇവരെ സന്ദര്‍ശിക്കാനെത്തിയില്ല.
പ്രതികള്‍ ലഹരിക്ക് അടിമകളാണ്. ജയിലില്‍ ലഹരി ലഭിക്കാത്തതിന്‍റെ പ്രശ്നങ്ങള്‍ ഇരുവരും കാണിക്കുന്നുണ്ട്. തനിക്ക് മോര്‍ഫിന്‍ കുത്തിവയ്ക്കണമെന്നാണ് മുസ്കാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത്. ലഹരി കിട്ടാതായതോടെ സഹിലും ആശുപത്രി പരിസരത്ത് ബഹളം വച്ചിരുന്നു. ഇരുവരും സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നവരായിരുന്നുവെന്നും അത് ലഭിക്കാതായതോടെ അസ്വസ്ഥരാവുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവര്‍ക്കും ചികില്‍സ ആരംഭിച്ചിട്ടുണ്ട്.
മാര്‍ച്ച് നാലിനാണ് ഭര്‍ത്താവായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുതിനെ ഭാര്യ മുസ്കാനും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ഉറക്കുഗുളിക കലര്‍ത്തി ഉറക്കിയ ശേഷം കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷണങ്ങളാക്കി വീപ്പയിലിട്ട് സിമിന്‍റ് നിറച്ചു മൂടുകയായിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചയോളം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതും പ്രതികളെ കസ്റ്റഡിയിലെടുത്തതും.