തൃശൂര്‍ പെരുമ്പിലാവില്‍ റീല്‍സിനെ ചൊല്ലിയുള്ള കൊലവിളി തുടരുന്നു.കൊല്ലപ്പെട്ട അക്ഷയിയുടെ സഹോദരന്‍ കടവല്ലൂര്‍ സ്വദേശി രഞ്ജിത്തിനെ ഫോണില്‍ വധഭീഷണി മുഴക്കുന്നതിന്‍റെ ഓഡിയോ മനോരമ ന്യൂസ് പുറത്തുവിട്ടു.
പെരുമ്പിലാവ് സ്വദേശിയായ അക്ഷയിയെ കഴിഞ്ഞ ദിവസം വെട്ടിക്കൊന്നിരുന്നു. ലഹരിക്കടത്തു സംഘത്തിലെ ഭിന്നതയായിരുന്നു കൊലയ്ക്കു കാരണം.അക്ഷയിയെ ഒഴിവാക്കി ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്തതിനു പിന്നാലെ തര്‍ക്കം മുറുകി. തന്നെ ഒഴിവാക്കി പുതിയ സംഘം രൂപികരിച്ചതിന്‍റെ ഭാഗമാണ് ഈ റീല്‍സെന്ന് അക്ഷയ് കരുതി.ഇത് ചോദ്യചെയ്യുന്നതിനിടെയാണ് പഴയ സംഘാംഗങ്ങള്‍ അക്ഷയിയെ വെട്ടിക്കൊന്നത്. റീല്‍സില്‍ കടവല്ലൂര്‍ സ്വദേശിയായ രഞ്ജിത്തിന് ഏറെ പ്രധാന്യം കിട്ടിയിരുന്നു. രഞ്ജിത്താകട്ടെ ഐ.പി.എസ്.ഉദ്യോഗസ്ഥരുമായി അടുപ്പമുള്ളയാളാണ്.
രഞ്ജിത്തിന്‍റെ ഫോണ്‍ വിളി പട്ടിക പരിശോധിക്കുമ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ലഹരി സംഘങ്ങളുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ വിളിച്ചതാണെന്നാണ് സൂചന.അക്ഷയ് കൊലക്കേസില്‍ രഞ്ജിത്തിന്‍റെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.അക്ഷയിയെ വെട്ടിയ ബാദുഷ കൊലയ്ക്കു ശേഷം ആദ്യം വിളിച്ചത് രഞ്ജിത്തിനെയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരിക്കടത്തു സംഘത്തിലെ ക്രിമിനലുകള്‍ തമ്മിലുള്ള തര്‍ക്കം പെരുമ്പിലാവിന്‍റെ സമാധാനം കെടുത്തി. കുന്നംകുളം പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.