ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ‘ഹലോ’ അയച്ചതിന് യുവാവിന് ക്രൂരമര്‍ദനം. ആലപ്പുഴ അരൂക്കുറ്റിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചു. മര്‍ദനമേറ്റ ജിബിന്‍റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. ഗുരുതര പരുക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി കേസുകളിൽ പ്രതിയായ പ്രഭിജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് മർദിച്ചുവെന്ന് ജിബിന്റെ സഹോദരൻ ലിബിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അരൂരില്‍ നിന്നും അരൂക്കുറ്റിയിലേക്കു ബൈക്കില്‍ പോകുകയായിരുന്നു ജിബിന്‍. ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് ബൈക്ക് പാലത്തില്‍ ഒതുക്കിയപ്പോഴായിരുന്നു ആക്രമണം. ജിബിനെ കാറില്‍ കയറ്റി ഒഴിഞ്ഞ വീട്ടിലേക്കു കൊണ്ടു പോയി ക്രൂരമായി തല്ലിച്ചതച്ചു. പട്ടിക കൊണ്ടു ആഞ്ഞടിച്ചു. കഴുത്തില്‍ കയറിട്ടു വലിച്ചു. – സഹോദരന്‍ പറഞ്ഞു.