ഗുണ്ടൂരില്‍ ആന്ധ്രപ്രദേശ് ഡിജിപിയുടെ ഓഫിസിനരികില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ മുപ്പത്തിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തി. വിജയവാഡ–ഗുണ്ടൂര്‍ റോഡിലാണ് പൊലീസിനെപ്പോലും നടുക്കിയ കൊലപാതകം. യുവതിയെ പൈശാചികമായി ഉപദ്രവിച്ചതിന്‍റെ തെളിവുകള്‍ മൃതദേഹത്തിലും പരിസരത്തും ഉണ്ടായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കും എട്ടുമണിക്കും ഇടയിലാണ് കൊലപാതകം നടന്നെതെന്നാണ് നിഗമനം.
വിജയവാഡയിലെ റാണിഗാരി തോട്ടയില്‍ താമസിക്കുന്ന ലക്ഷ്മി തിരുപ്പതിയമ്മയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രകാശം ജില്ലയിലെ പാമുരുവാണ് ഇവരുടെ സ്വദേശം. ഗുണ്ടൂരില്‍ ലൈംഗികത്തൊഴിലാളിയായിരുന്ന ലക്ഷ്മിക്ക് രണ്ട് മക്കളുണ്ട്.
കൊലനുക്കൊണ്ട വില്ലേജില്‍ ഹൈവേയില്‍ നിന്ന് 300 അടി മാറിയാണ് മൃതദേഹം കിടന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ല. ഒന്നിലേറെപ്പേര്‍ ചേര്‍ന്നാണോ കൊലനടത്തിയതെന്ന് സംശയമുണ്ട്. ഗുണ്ടൂര്‍ എസ്പി സതീഷ് കുമാര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.
കൊലപാതകികളെ കണ്ടെത്താന്‍ തെളിവുശേഖരണത്തില്‍ വിദഗ്ധരായ ക്ലൂസ് ടീമിനെയും ഡോഗ് സ്ക്വാഡിനെയും ഉള്‍പ്പെടെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്തിനടുത്ത് കണ്ടെത്തിയ വസ്തുക്കള്‍ വിശദപരിശോധന നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളും കൊലപാതകം നടന്നുവെന്ന് കരുതുന്ന സമയത്ത് ഈ മേഖലയിലെ മൊബൈല്‍ ടവറുകളില്‍ വന്ന കോളുകളുടെ പട്ടികയും ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.