Edited AI Image
സെക്കന്തരാബാദില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം. രക്ഷപെടാന്‍ പുറത്തേക്ക് ചാടിയ 23–കാരിക്ക് സാരമായി പരുക്കേറ്റു. സെക്കന്തരാബാദില്‍ നിന്ന് മെഡ്ചലിലേക്ക് പോയ ലോക്കല്‍ (എംഎംടിഎസ്) ട്രെയിനിലാണ് അതിക്രമം. യുവതി അപകടനില തരണം ചെയ്തെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
ശനിയാഴ്ച മൊബൈല്‍ ഫോണിന്‍റെ സ്ക്രീന്‍ നന്നാക്കാന്‍ മെഡ്ചലില്‍ നിന്ന് സെക്കന്തരാബാദിലെത്തിയതായിരുന്നു യുവതി. ഫോണ്‍ ശരിയാക്കി തിരികെയുള്ള ട്രെയിനില്‍ കയറി. കംപാര്‍ട്ട്മെന്‍റില്‍ രണ്ട് സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നു. അല്‍വാല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ ഇറങ്ങി. ട്രെയിന്‍ വിട്ടതിനുപിന്നാലെ 25 വയസ് തോന്നിക്കുന്ന ഒരാള്‍ യുവതിക്കരികിലെത്തി.
അക്രമി യുവതിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. ഭയന്ന യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ കടന്നുപിടിച്ചു. കുതറിയോടിയ യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. സമീപത്തെ ട്രാക്കില്‍ വീണ യുവതിയുടെ തലയിലും താടിയിലും വലതുകയ്യിലും ഇടുപ്പിലും സാരമായ പരുക്കേറ്റു. ട്രാക്കിന് സമീപത്തുണ്ടായിരുന്ന ചിലര്‍ പെട്ടെന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് ആക്രമണത്തിനിരയായ യുവതി. ഇവരുടെ പരാതിയില്‍ ഭാരതീയ ന്യായസംഹിതയിലെ 75, 131 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. അക്രമിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. പൊലീസ് രേഖാചിത്രം ഉള്‍പ്പെടെ തയാറാക്കി വിപുലമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.