ലക്നൗവില്‍ നിന്ന് തിരുവനന്തപുരം നെടുമങ്ങാടേക്ക് പാര്‍സലില്‍ ലഹരി മിഠായി കടത്തല്‍. വട്ടപ്പാറയിലെ ബോയ്സ് ഹോസ്റ്റലിലേക്കെത്തിയ ലഹരി മിഠായി പൊലീസ് സംഘം പിടിച്ചെടുത്തു. ഹോസ്റ്റലിലെ ടൈല്‍സ് പണിക്കാരായ തമിഴ്നാട്ടുകാരായ മൂന്ന് പേര്‍ പിടിയില്‍. വില്‍പ്പനക്കായെത്തിച്ചതെന്ന് സംശയം.
പരിശോധനകള്‍ ശക്തമായപ്പോള്‍ ലഹരിക്കടത്തിന് പല മാര്‍ഗങ്ങള്‍ തേടുകയാണ് ലഹരിമാഫിയ. അതിന്‍റെ തെളിവാണ് വട്ടപ്പാറയിലെ സ്വകാര്യ. ബോയ്സ് ഹോസ്റ്റലിലെ മേല്‍വിലാസത്തിലെത്തിയ ഈ ലഹരി മിഠായി പാര്‍സല്‍. ഇന്നലെ ഉച്ചയോടെയാണ് പാര്‍സലെത്തിയത്. ഹോസ്റ്റലില്‍ ടൈല്‍സ് പണിക്കെത്തിയ തമിഴ്നാട് വെള്ളൂര്‍ സ്വദേശി പ്രശാന്തന്‍റെ പേരിലായിരുന്നു പാര്‍സല്‍. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് സി.ഐയും ഡാന്‍സാഫ് സംഘവും രാത്രി നടത്തിയ പരിശോധനയില്‍ ലഹരി മിഠായി പിടിച്ചെടുത്തു. പ്രശാന്തനെ കൂടാതെ സുഹൃത്തുക്കളായ ഗണേഷ്, മാര്‍ഗ ബന്ധു എന്നിവരും പിടിയിലായി.
കഞ്ചാവിന്‍റെ സാന്നിധ്യമുള്ളതാണ് മിഠായി. നൂറിലധികം മിഠായികള്‍ പാര്‍സലിലുണ്ടായിരുന്നു. ലക്നൗവില്‍ നിന്ന് സുഹൃത്ത് അയച്ചതാണെന്നും സ്വന്തമായുള്ള ഉപയോഗത്തിന് വരുത്തിയതാണെന്നും പറയുന്നു. എന്നാല്‍ ഹോസ്റ്റലില്‍ ഉള്‍പ്പടെ പ്രാദേശികമായുള്ള വില്‍പ്പനക്കെത്തിച്ചതാണോയെന്നും ലക്നൗവില്‍ നിന്നാരാണ് അയച്ചതെന്നുമുള്ള അന്വേഷണത്തിലാണ് പൊലീസ്.