സ്വർണം തട്ടിയെടുത്ത് വിറ്റെന്ന മകന്റെ പരാതിയിൽ അമ്മയും സഹായിയും അറസ്റ്റിൽ. ഇടുക്കി തങ്കമണി സ്വദേശി ബിൻസി ജോസഫും സുഹൃത്ത് അംബികയുമാണ് പിടിയിലായത്. സ്വർണം വിറ്റ് കിട്ടിയ പണം ആഭിചാര കർമ്മങ്ങൾക്ക് ഉപയോഗിച്ചതാണെന്ന് പ്രാഥമിക നിഗമനം. ഭാര്യയുടെയും സഹോദരിയുടെയും 24 പവൻ സ്വർണം അവർ അറിയാതെ കൈക്കലാക്കി വിറ്റെന്ന് മകൻ നൽകിയ പരാതിയിലാണ് അച്ചൻകാനം സ്വദേശി ബിൻസി ജോസും സുഹൃത്ത് മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയും അറസ്റ്റിലായത്.
ബിൻസിയുടെ മകൻ അഭിജിത്ത് അസം റൈഫിൾസിലെ സൈനികനാണ്. ഭാര്യ സന്ധ്യയിൽ നിന്ന് തട്ടിയെടുത്ത സ്വർണം തിരിച്ച് നൽകാൻ അഭിജിത് ആവശ്യപ്പെട്ടെങ്കിലും ബിൻസി തയാറായില്ല. പലവട്ടം ചോദിച്ചതിന് ശേഷമാണ് തട്ടിയെടുത്ത് സ്വർണം പണയം വെച്ച കാര്യം ബിൻസി സമ്മതിച്ചത്. സന്ധ്യയുടെ സ്വർണം കൂടാതെ മകൾ മീരയുടെ പത്ത് പവൻ സ്വർണവും ബിൻസി പണയം വെച്ചിരുന്നു. വിവിധ സ്വയം സഹായ സംഘങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ വായ്പ ഇവർ എടുത്തിട്ടുണ്ടെങ്കിലും പണം എന്തിന് ചെലവാക്കിയെന്ന കാര്യത്തിൽ ഇവർക്ക് കൃത്യമായ മറുപടിയില്ല. സുഹൃത്ത് അംബികയും ബിൻസിയും ചേർന്ന് പണം ആഭിചാരകർമ്മങ്ങൾക്കായി ചെലവഴിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്
മകൻ പൊലീസിൽ പരാതി നൽകിയതോടെ ബിൻസി കോടതിയെ സമീപിച്ചു. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകൻ കോടതി നിർദ്ദേശിച്ചിട്ടും ബിൻസി തയ്യാറായില്ല. തുടർന്നാണ് വണ്ടിപ്പെരിയാറിൽ നിന്ന് ബിൻസിയെയും അംബികയെയും പിടികൂടിയത്. പ്രാഥമിക മൊഴി രേഖപ്പെടുത്തിയ ശേഷം ഇരുവരെയും റിമാൻഡ് ചെയ്‌തു. ബിൻസിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് തങ്കമണി പൊലീസ്.