ന്യൂസീലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിയെ കൊല്ലം ഏരൂരിലെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി. മൂവാറ്റുപുഴ സ്വദേശി അനില്‍കുമാറാണ് വീടിന് മുകളില്‍ ഒളിച്ചിരുന്നത്. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസാണ് പ്രതിയെ സാഹസീകമായി പിടികൂടിയത്.
ഏരൂര്‍ നെട്ടയത്തെ ബന്ധുവീട്ടിലായിരുന്ന അനില്‍കുമാര്‍ വീടിനും ചുറ്റും സ്ഥാപിച്ച നിരീക്ഷണകാമറയിലൂടെയാണ് പൊലീസ് എത്തിയത് അറിഞ്ഞത്. ഇതോടെ വീടിന്റെ പിന്‍വശത്തെ ഷേഡില്‍ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും തടിച്ചുകൂടിയതോടെ അനില്‍കുമാറിന് രക്ഷപെടാന്‍ വഴികളില്ലായിരുന്നു.
ന്യൂസീലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന പേരൂര്‍ക്കട സ്വദേശിനിയുടെ പരാതിയിലാണ് അനില്‍കുമാറിനെ പിടികൂടിയത്. കൊച്ചി കടവന്ത്ര ഉള്‍പ്പടെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറയുന്നു. പലയിടങ്ങളില്‍ പൊലീസിന് പിടികൊടുക്കാതെ മാറിത്താമസിച്ച അനില്‍കുമാര്‍ അടുത്തിടെയാണ് ഏരൂര്‍ നെട്ടയത്തെ ബന്ധുവീട്ടിലെത്തിയത്.