തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ട മോഷ്ടാക്കളിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴക്കാരനായ രാഹുലാണ് പിടിയിലായത്. രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
ആലപ്പുഴക്കാരായ വടിവാൾ വിനീതും രാഹുലും വടക്കാഞ്ചേരിയിലെ കോടതിയിൽ ഹാജരാകാൻ പൊലീസ് അകമ്പടിയിൽ വരികയായിരുന്നു. വടക്കാഞ്ചേരി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയശേഷം മുന്നോട്ട് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെ തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു. ഈ സമയം ട്രെയിൻ കടന്നു പോയതിനാൽ ഉദ്യോഗസ്ഥർക്ക് മോഷ്ടാക്കളെ പിന്തുടരാൻ ആയില്ല. രണ്ടുപേരെയും കണ്ടെത്താൻ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ വൈകിട്ട് ആറുമണിയോടെ വടക്കാഞ്ചേരി അകമ്പാടത്ത് പുഴയുടെ സമീപം ഇരുവരും ഒളിച്ചിരിക്കുന്നതായി വിവരം കിട്ടി.
പൊലീസ് വളഞ്ഞെങ്കിലും വടിവാൾ വിനീത് രക്ഷപ്പെട്ടു. 60 ഓളം കേസുകളിൽ പ്രതിയാണ് വിനീത്. ബൈക്ക് മോഷണത്തിൽ വിദഗ്ധൻ. അപകടകാരിയായ കള്ളൻ. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പൊലീസ് അറിയിച്ചിരുന്നു. പൊലീസിനെ കണ്ടതും ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാഹുലിനെ നാടകീയമായാണ് പിടികൂടിയത്. മാർച്ച് മൂന്നിന് ആലപ്പുഴ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്. ഇവർ ആലപ്പുഴയിലെ ജയിലിൽ റിമാൻഡിൽ ആയിരുന്നു. ഇത്തരം പ്രതികളെ കൊണ്ടു പോകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കേണ്ടതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോൾ വിലങ്ങ് അഴിച്ചതാണ് പൊലീസിന് കെണിയായത്.