കോഴിക്കോട് പേരാമ്പ്രയില്‍ ആസിഡ് ആക്രമണം നടത്തിയ പ്രതി പ്രശാന്തിന്‍റെ മൊഴി പുറത്ത്. ആസിഡ് ഒഴിച്ചത് വിരൂപമാക്കാനാണെന്ന് ആക്രമണത്തിനിരയായ പ്രവിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് പൊലിസിന് മൊഴി നല്‍കി. കൂടെ താമസിപ്പിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടതോടെയാണ് ആസിഡ് ഒഴിക്കാന്‍ തീരുമാനിച്ചത്. പരീക്ഷണത്തിന് ശേഷമായിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ പ്രവിഷ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ഫോര്‍മലിക് ആസിഡ് ദേഹത്ത് വീണാല്‍ എത്രത്തോളം പൊള്ളലുണ്ടാകുമെന്ന് അറിയാന്‍ സ്വന്തം കയ്യില്‍ ആസിഡ് ഒഴിച്ചുനോക്കി. ഗുരുതരമായ പൊള്ളലേല്‍ക്കുമെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണത്തിലേയ്ക്ക് കടന്നത്. 14 കാരനായ മൂത്ത മകനെ കൊണ്ട് കൃത്യം ചെയ്യിക്കാന്‍ ശ്രമിച്ചെങ്കിലും മകന്‍ വിസമ്മതിച്ചതിനാല്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.
തുടര്‍ന്ന് ആസിഡ് കുപ്പിയുമായി ചെറുവണ്ണൂരിലെ ആയുര്‍വേദ ആശുപത്രിയിലെത്തി ആക്രമണം നടത്തുകയായിരുന്നു. ആരും കാണാതിരിക്കാനായി ആശുപത്രിയുടെ പിന്‍ഭാഗത്തിലൂടെ എത്തിയായിരുന്നു ആക്രമണം. മുഖത്തും കഴുത്തിലും പുറകിലും പൊള്ളലേറ്റ പ്രവിഷ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എംഡിഎംഎയും കഞ്ചാവുമടക്കമുള്ള ലഹരികള്‍ക്ക് അടിമയാണ് പ്രശാന്ത്.
രണ്ടര വർഷമായി ഇവർ വിവാഹ മോചിതരായിട്ട്. അന്ന് മുതൽ പ്രശാന്ത് ശല്യപ്പെടുത്തുന്നുണ്ട്. ഇവർക്ക് 13 ഉം ഒമ്പതും വയസുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്.