വീട്ടുടമസ്ഥനും സുഹൃത്തുക്കളുംചേർന്ന് വാടകക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. തന്റെ ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്ന് വീട്ടുടമ തിരിച്ചറിഞ്ഞതാണ് ക്രൂരകൃത്യത്തിന് കാരണം. പ്രദേശത്തെ ഒരു പാടത്ത് ഏഴടി ആഴമുള്ള കുഴിയെടുത്താണ് യുവാവിനെ കുഴിച്ചിട്ടത്.
ഹർദീപ് എന്നയാളാണ് തന്റെ വീട്ടിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന ജഗ്ദീപ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 2024 ഡിസംബറിൽ നടന്ന സംഭവത്തേക്കുറിച്ച് ഇപ്പോഴാണ് പുറംലോകമറിയുന്നത്. യോഗാധ്യാപകനാണ് കൊല്ലപ്പെട്ട ജഗ്ദീപ്
ചർഖി ദാദ്രിയിലെ പാന്താവാസ് ഗ്രാമത്തിൽ ഏതാനും ജോലിക്കാരെ ഉപയോഗിച്ച് ഹർദീപ് ഏഴടിയുള്ള കുഴിയുണ്ടാക്കിയിരുന്നു. കുഴൽക്കിണറിനുവേണ്ടിയാണെന്നാണ് ചോദിച്ചവരോടെല്ലാം ഹർദീപ് പറഞ്ഞിരുന്നത്. ഡിസംബർ 24ന് ഹർദീപും സുഹൃത്തുക്കളുംചേർന്ന് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി. ശബ്ദമുണ്ടാക്കാതിരിക്കാൻ ജഗ്ദീപിന്റെ വായ ടേപ്പുകൊണ്ട് അടച്ചുവെക്കുകയും ചെയ്തശേഷമായിരുന്നു ക്രൂരകൃത്യം.ജഗ്ദീപിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.