instagram-community-chat

ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വൈറലാക്കിയ 24 കാരനെ സഹോദരങ്ങള്‍ കുത്തിക്കൊന്നു. ഫോട്ടോഗ്രാഫറായ ചന്ദന്‍ ബിന്ദ് ആണ് കൊല്ലപ്പെട്ടത്. വിവാഹിതയായ സ്ത്രീയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാക്കിയതിന്‍റെ പകയാണ് കൊലയ്ക്ക് കാരണം. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ സുരേന്ദ്ര യാദവ്, ബന്ധു രോഹിത് യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയതു. 

ചിത്രം വൈറലായതോടെ യുവതിയുടെ  വീട്ടിലും ഭര്‍ത്താവിന്‍റെ വീട്ടിലും പ്രശ്നങ്ങളായി. തുടര്‍ന്ന് മാർച്ച് 18 ന് രാത്രി സുരേന്ദ്ര യാദവും. രോഹിത് യാദവും ചേര്‍ന്ന്  ചന്ദൻ ബിന്ദിനെ വീടിനു സമീപമുള്ള  കൃഷിയിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയി  കുത്തികൊലപ്പെടുത്തി. തുടര്‍ന്ന്  മൃതദേഹം ഗോതമ്പ് പാടത്ത് ഉപേക്ഷിച്ചു അഞ്ച് ദിവസത്തിന് ശേഷം മാർച്ച് 23 നാണ് മൃതദേഹം കണ്ടെത്തുന്നത്. 

കേസിലെ പ്രധാന പ്രതി സുരേന്ദ്ര യാദവിന്‍റെ സഹോദരിയുമായി വിവാഹത്തിന് ശേഷവും കൊലപ്പെട്ട ചന്ദന് ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടിലും ഫോണ്‍ വിളി തുടരുകയും കാണാന്‍ ശ്രമിക്കുകയും ചെയ്തതിനെ യുവതി എതിര്‍ത്തു. ഇതില്‍ പ്രകോപിതനായാണ് ചന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ വൈറലാക്കിയത്. ഭര്‍ത്താവിന്‍റെ വീട്ടില്‍ പ്രശ്നമായതോടെ യുവതി സ്വന്തം വീട്ടില്‍ പരാതി പറഞ്ഞു. ഇതേ തുടര്‍ന്നാണ്  കൊലപാതകമെന്ന്  അന്വേഷണ ഉദ്യോഗസ്ഥനായ  മുഹമ്മദ് ഫഹീദ് പറഞ്ഞു. 

ഹോളി ദിനത്തിൽ സുരേന്ദ്രയും ചന്ദനും പരിചയത്തിലാകുകയും പിന്നീട് മറ്റൊരാളുടെ ഫോൺ ഉപയോഗിച്ച് മാർച്ച് 18 ന് രാത്രി ഒറ്റപ്പെട്ട വയലിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. സുരേന്ദ്രയും രോഹിത് യാദവും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കുത്തിക്കൊന്ന ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു.  കേസില്‍ ആകെ  അഞ്ച് പ്രതികളാണുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ  സുരേന്ദ്രയുടെയും രോഹിത്തിന്‍റെും അറസ്റ്റ്  തിങ്കളാഴ്ചയാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച മൂന്ന് കത്തികള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

In Uttar Pradesh's Ballia, a photographer was killed by the woman's family for posting her picture on Instagram. The police have arrested two men in connection with the murder.