മാനിറച്ചി എന്ന പേരിൽ കാട്ടുമൃഗങ്ങളെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ ആൾ പിടിയിലായി. തിരുവാലി സ്വദേശി കെ.ജെ. ബിനോയ് ആണ് പിടിയിലായത്. വേവിച്ച നിലയിൽ പന്നി മാംസവും കുറുനരിയെ വേട്ടയാടിപ്പിടിച്ച പച്ചമാംസവും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
രഹസ്യ വിവരത്തെ തുടർന്നു കഴിഞ്ഞദിവസം രാത്രി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പന്നിമാംസവും കുറുനരി കുറുക്കൻ തുടങ്ങിയ ചെറുജീവികളുടെയും മാംസം മാനിറച്ചി എന്ന പേരിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നതെന്ന് അധികൃതർ പറഞ്ഞു. വേട്ടയാടാൻ ഉപയോഗിച്ച തോക്കും മറ്റു ആയുധങ്ങളും പാത്രങ്ങളും വീട്ടിൽ നിന്ന് കണ്ടെടുത്തു.
വിവിധ പൊലീസ് കേസുകളുള്ള പ്രതിയെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. നേരത്തെയും ഇയാൾ വന്യ മൃഗങ്ങളെ വേട്ടയാടിരുന്നതായി സൂചനയുണ്ട്. സഹായത്തിനായി മറ്റാരെങ്കിലുമുണ്ടൊ എന്ന് അന്വേഷിച്ചു വരികയാണ്. തെളിവെടുപ്പിന് ശേഷം പ്രതിയെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കും.