കൂടെ താമസിപ്പിക്കാന്‍ കെണിഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാത്തതുകൊണ്ട് ഭാര്യയുടെ സൗന്ദര്യം നശിപ്പിക്കാന്‍ ദേഹത്ത് ആസിഡൊഴിച്ച് ഭര്‍ത്താവ്. രൂപം വികൃതമാക്കാനാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് കോഴിക്കോട് പേരാമ്പ്ര ആസിഡ് ആക്രമണക്കേസിലെ പ്രതിയുടെ മൊഴി. മുന്‍ഭര്‍ത്താവ് ദേഹത്ത് ആസിഡ് ഒഴിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് പ്രവിഷ.
കൂടെ താമസിപ്പിക്കാനുള്ള അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടതോടെയാണ് മുന്‍ ഭാര്യക്കെതിരെ ആസിഡ് ആക്രമണം നടത്തി വിരൂപമാക്കാന്‍ തീരുമാനിച്ചതെന്ന് പ്രശാന്ത് മൊഴി നല്‍കി. ഇതിനായി ആദ്യം ഫോര്‍മാലിക് ആസിഡ് സ്വന്തം കയ്യില്‍ പുരട്ടി നോക്കി. ഗുരുതരമായി പൊള്ളലേല്‍ക്കുമെന്ന് ബോധ്യപ്പെട്ടതോടെ ആസിഡ് ആക്രമണം നടത്താന്‍ തീരുമാനിച്ച് മുന്നോട്ട് നീങ്ങി.
14കാരനായ മൂത്ത മകനെകൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാകുമോ എന്ന് ആദ്യം ശ്രമിച്ചു. എന്നാല്‍ മകന്‍ ഇക്കാര്യം നിരസിച്ചു. ഇതോടെ സ്വയം ഏറ്റെടുത്തു. തുടര്‍ന്ന് ആസിഡ് കുപ്പിയുമായി ചെറുവണ്ണൂരിലെ ആയുര്‍വേദ ആശുപത്രിയിലെത്തി ആക്രമണം നടത്തുകയായിരുന്നു. ആരും കാണാതിരിക്കാനായി ആശുപത്രിയുടെ പിന്‍ഭാഗത്തിലൂടെ എത്തിയായിരുന്നു ആക്രമണം.
മുഖത്തും കഴുത്തിലും പുറകിലും പൊള്ളലേറ്റ പ്രവിഷ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എംഡിഎംഎയും കഞ്ചാവുമടക്കമുള്ള ലഹരികള്‍ക്ക് അടിമയാണ് പ്രശാന്ത്.