kilimanoor-arun-abhi

TOPICS COVERED

കിളിമാനൂരില്‍ സുഹൃത്തിനെ തല്ലിക്കൊന്നത് ഭാര്യയെ കുറിച്ച് മോശം വാക്കുകള്‍ പറഞ്ഞതിനെന്ന് പ്രതി അരുണ്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് കിളിമാനൂര്‍ കാട്ടുമ്പുറത്ത് വച്ച് അഭിലാഷിനെ അരുണ്‍ അടിച്ച് കൊന്നത്. സുഹൃത്തിനെ കൊന്നതിന് പിന്നാലെ പ്രതി സ്വയം കീഴടങ്ങുകയായിരുന്നു.  ഉറ്റസുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് നാട്ടുകാര്‍ പറയുന്നു.

പതിവുപോലെ ജോലി കഴിഞ്ഞ് കാട്ടുമ്പുറത്തെ അരുണിന്‍റെ വീട്ടിലെത്തിയ ഇരുവരും വീടിന് മുന്നിലിരുന്ന് മദ്യപിച്ചു. മദ്യപാനത്തിനിടെ അരുണിന്‍റെ ഭാര്യയെ കുറിച്ച് അഭിലാഷ് മോശമായി സംസാരിച്ചു.   ഒരുമാസം മുമ്പാണ് അരുണ്‍ വിവാഹിതനായത്. ഭാര്യക്ക് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അഭിലാഷിന്‍റെ കളിയാക്കലെന്നാണ് വിവരം. ഇതില്‍ പ്രകോപിതനായി വീട്ടുമുറ്റത്ത് കിടന്ന വിറകുകൊള്ളിയെടുത്ത് അഭിലാഷിനെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നുവെന്ന് അരുണ്‍ പൊലീസില്‍ വെളിപ്പെടുത്തി. 

തലയ്ക്കും നെഞ്ചിനും പുറത്തും സാരമായി മര്‍ദനമേറ്റു. സംഭവസമയത്ത് അരുണിന്‍റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. അഭിലാഷിനെ അടിച്ച് വീഴ്ത്തിയ ശേഷം നാട്ടുകാരിലൊരാളോട് പോയി 'ഞാന്‍ അടിച്ചിട്ടു' എന്ന് പറയുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ അഭിലാഷിന്‍റെ വീട്ടുകാര്‍ വാരിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ നഷ്ടമായി.

കൊലപാതകത്തിന് പിന്നാലെ അരുണ്‍ നേരെ പൊലീസ് സ്റ്റേഷനിലെത്തി, കൂട്ടുകാരനെ താന്‍ അടിച്ചു കൊന്നുവെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാരും വിവരം അറിയിച്ചു. തുടര്‍ന്ന് അരുണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ENGLISH SUMMARY:

A man in Kilimanoor killed his close friend after a heated argument over comments about his wife. The accused later surrendered to the police