ചോക്ലേറ്റ് നല്‍കി പിഞ്ചുബാലികയെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് ലുധിയാന കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്നും വധശിക്ഷയല്ലാതെ മറ്റൊരു വിധിയും പ്രതിയെ കാത്തിരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 2023 ഡിസംബര്‍ 28നാണ് ലുധിയാനയെ നടുക്കിയ ക്രൂര കൊലപാതകമുണ്ടായത്.
സോനുസിങെന്ന 28കാരനാണ് അയല്‍വാസിയായ പെണ്‍കുഞ്ഞിനെ ക്രൂരമായി വകവരുത്തിയത്. വീട്ടില്‍ ആരും ഇല്ലാതെയിരുന്ന സമയം നോക്കി സോനു കുട്ടിയുടെ അടുത്തെത്തുകയും ചോക്ലേറ്റ് നല്‍കി കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരം കട്ടിനിലുള്ളിലെ കബോര്‍ഡില്‍ ഇട്ട് അടച്ച് പ്രതി കടന്നു കളഞ്ഞു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമ്പോള്‍ കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത് നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നുവെന്നും കഴുത്തില്‍ നഖങ്ങള്‍ കൊണ്ട് മാന്തി മുറിവേല്‍പ്പിച്ച നിലയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. കുട്ടിയെ സോനു സിങ് കൂട്ടിക്കൊണ്ടു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സോനുവിനെ 20 ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് ഫത്തേപുറില്‍ നിന്നും പിടികൂടി.
കുട്ടിയുടെ കരച്ചില്‍ പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ പ്രതി കഴുത്തുഞെരിച്ചുവെന്നും ഇങ്ങനെ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന പൊലീസിന്‍റെ നിഗമനം ശരിവയ്ക്കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. കുട്ടി പീഡിപ്പിക്കപ്പെട്ടതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയുടെ ഫലവും സോനു തന്നെയാണ് കുറ്റക്കാരനെന്ന് തെളിയിക്കുന്നതായിരുന്നുവെന്ന് പൊലീസ് പറയുന്നു. വധശിക്ഷയ്ക്ക് പുറമെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും അഞ്ചരലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
നിഷ്കളങ്കയും നിസ്സഹായയുമായിരുന്നു കൊല്ലപ്പെട്ട കുഞ്ഞെന്നും സമൂഹമനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതും നടുക്കുന്നതുമാണ് സംഭവമെന്നും വിധിയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമര്‍ജിത് സിങ് പറഞ്ഞു. ഇത്തരം കുറ്റവാളികള്‍ ഒരുതരത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷയില്‍ കുറഞ്ഞൊരു വിധി പ്രസ്താവിച്ചാല്‍ അത് കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിനോടും, മകളെ നഷ്ടമായ കുടുംബത്തോടും സമൂഹത്തോട് തന്നെയുമുള്ള തീരാത്ത അപരാധമായിപ്പോകുമെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.