Image: Meta AI
നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകിയെ താലി ചാര്‍ത്തിയ യുവാവ്, രാത്രിയില്‍ വീട്ടുകാര്‍ തനിക്കായി കണ്ടെത്തിയ സ്ത്രീയെയും വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുറിലാണ് സംഭവം. തന്‍റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്നും തനിക്ക് താലി ചാര്‍ത്തിയ ദിവസം രാത്രിയിലായിരുന്നു മറ്റേ കല്യാണമെന്നും കാമുകി കണ്ടെത്തിയതോടെ കേസാവുകയായിരുന്നു.
നാലുവര്‍ഷത്തെ പ്രണയത്തിനിടെ മൂന്ന് പ്രാവശ്യം താന്‍ ഗര്‍ഭിണിയായെന്നും രണ്ടുവട്ടവും യുവാവ് ഗര്‍ഭഛിദ്രം ചെയ്യിച്ചുവെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്നാമതും ഗര്‍ഭിണിയായതോടെ പ്രസവിക്കാന്‍ തീരുമാനിച്ചു. പ്രസവത്തിനൊടുവില്‍ നഴ്സിങ് ഹോമിലെ സ്ത്രീക്ക് കുട്ടിയെ കൈമാറിയാണ് അന്ന് മടങ്ങിയതെന്നും പരാതിയില്‍ വിശദീകരിക്കുന്നു.
പ്രണയവുമായി മുന്നോട്ട് പോകുന്നതിനിടെ യുവാവിന് വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിക്കുന്നുവെന്ന് അറിഞ്ഞ യുവതി എത്രയും വേഗം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മതം മൂളിയ യുവാവ് റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും വീട്ടുകാര്‍ മെല്ലെ അംഗീകരിച്ചോളുമെന്നും പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തീരുമാനിച്ചുറപ്പിച്ചത് പോലെ ഇരുവരും റജിസ്റ്റര്‍ വിവാഹം കഴിച്ചു. പിന്നാലെ വീട്ടിലെത്തേണ്ട അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് മുങ്ങിയ യുവാവ് രാത്രിയില്‍ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച പെണ്‍കുട്ടിയെയും വിവാഹം കഴിക്കുകയായിരുന്നു. വിവരമറിഞ്ഞ് യുവാവിന്‍റെ വീട്ടിലെത്തിയ യുവതി,തങ്ങളുടെ വിവാഹക്കാര്യം പറഞ്ഞുവെങ്കിലും യുവാവിന്‍റെ വീട്ടുകാര്‍ അപമാനിച്ച് പുറത്താക്കി. തുടര്‍ന്നാണ് ഗോരഖ്പുര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതി പലവട്ടം ഗര്‍ഭിണിയായിരുന്നുവെന്നുമെല്ലാം കണ്ടെത്തി. ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഓഫിസര്‍ ജിതേന്ദ്ര കുമാര്‍ ശ്രീവാസ്തവ അറിയിച്ചു.