ബെംഗളുരുവില്‍ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി ശുചിമുറിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രകേഷ് രാജേന്ദ്രയുടെ മൊഴി പുറത്ത് . വഴക്കിനെത്തുടര്‍ന്നാണ് ഭാര്യ ഗൗരിയെ കൊലപ്പെടുത്തിയത് എന്നും കൊലപാതക ശേഷം മൃതദേഹത്തോട് പുലരും വരെ സംസാരിച്ചെന്നും രാകേഷ് രാജേന്ദ്ര പൊലീസിനോട് പറഞ്ഞു.
രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഭാര്യയുമായി തർക്കമുണ്ടായെന്നും അതേ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. വഴക്കിനിടയിൽ രാകേഷ് ഗൗരിയുടെ ചെകിട്ടത്ത് അടിച്ചു. ഇതില്‍ പ്രകോപിതയായ ഗൗരി അടുക്കളയില്‍ നിന്നും കത്തിയുമായെത്തി രാഗേഷിന് നേരെ എറിയുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ രാകേഷ് അതേ കത്തിയെടുത്ത് ഗൗരിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറ്റിലുമാണ് ഗൗരിക്ക് പരുക്കേറ്റത്.
ഒരുമാസം മുമ്പാണ് ഇരുവരും മഹാരാഷ്ട്രയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരിവിലേക്ക് വരുന്നതിന് മുന്നോടിയായി ഗൗരി മഹാരാഷ്ട്രയിലുള്ള തന്‍റെ ജോലി ഉപേക്ഷിച്ചിരുന്നു. ബെംഗളൂരുവില്‍ പുതിയ ജോലി നോക്കാനായിരുന്നു പദ്ധതി. എന്നാല്‍ രണ്ടുമാസമായിട്ടും ജോലി ഒന്നും ശരിയായിരുന്നില്ല. തനിക്ക് ജോലി നഷ്ടപ്പെട്ടതിന് ഗൗരി തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും മഹാരാഷ്ട്രയിലേക്ക് തിരിച്ചു പോണമെന്ന് ശാഠ്യം പിടിച്ചെന്നും ഇതും പറഞ്ഞ് വഴക്ക് പതിവായിരുന്നുവെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു. കൂടാതെ രാകേഷിന്‍റ മാതാപിതാക്കളുമായും ഗൗരിക്ക് വിയോജിപ്പുകളുണ്ടായിരുന്നു.
കുത്തേറ്റ് മരിച്ചു ഗൗരിയുടെ ശരീരത്തിനടുത്ത് പുലരും വരെ ഇരുന്നെന്നും മൃതദേഹത്തോട് സംസാരിച്ചെന്നും രാകേഷ് പറഞ്ഞു. എന്തിന് തന്നെ കുറ്റപ്പെടുത്തിയെന്നും വഴക്കിട്ടെന്നും അതുകൊണ്ടല്ലേ ഇങ്ങനെയെല്ലാം സംഭവിച്ചത് എന്നും ഗൗരിയുടെ മൃതദേഹത്തോട് ചോദിച്ചുകൊണ്ടിരുന്നു.അടുത്ത ദിവസം മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി ബാത്ത്റൂമില്‍ കൊണ്ട് വെക്കുകയായിരുന്നു ഇയാള്‍ പറഞ്ഞു.
പിറ്റേന്ന് ഉച്ചയ്ക്ക് 12.15 ഓടെ വീട് പുറത്തു നിന്നും പൂട്ടി രാകേഷ് കാറെടുത്ത് പൂണെ ലക്ഷ്യമാക്കി പോയി.അതിനിടെ ഭാര്യ ആത്മഹത്യ ചെയ്തെന്ന് താഴത്തെ നിലയിലെ വാടകക്കാരെ വിളിച്ചറിയിച്ചു. എന്നാല്‍ അല്‍പസമയത്തിന് ശേഷം താന്‍ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. വിവരം വീട്ടുടമയെയും ഗൗരിയുടെ ബന്ധുക്കളെയും അറിയിച്ചു.
തുടര്‍ന്ന് പൊലീസെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ബാത്ത്റൂമിലെ സ്യൂട്ട്കേസില്‍ നിന്നും ഗൗരിയുടെ മൃതദേഹം കണ്ടെത്തുന്നത്. പുണെയിലേക്കുള്ള യാത്രാമധ്യേ ഫിനൈയിലും പാറ്റയെ കൊല്ലുന്ന മരുന്നും കഴിച്ച് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് കൃത്യസമയത്ത് രാകേഷിനെ തൊട്ടടുത്ത ആശുപത്രിയെലെത്തിക്കുകയായിരുന്നു. ഇയാള്‍ നിലവിൽ അപകടനിലതരണം ചെയ്തതായി പോലീസ് പറയുന്നു.
ഗൗരിയും രാകേഷും തമ്മിലുള്ള വിവാഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഗൗരി എപ്പോഴും മകനുമായി വഴക്കിടാറുണ്ടായിരുന്നുവെന്നും രാകേഷിന്‍റെ പിതാവ് പൊലീസിനോട് പറഞ്ഞു.രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.