ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ആരോപണ വിധേയനും സുഹൃത്തുമായ ഐ.ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍. മേഘയുടെ അക്കൗണ്ടില്‍നിന്ന് സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഘയെ സുകാന്ത് പ്രണയിച്ച് വഞ്ചിച്ചെന്നും അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയെന്നും പിതാവ് മധുസൂദനന്‍ പറഞ്ഞു.
ട്രയിനിന് മുന്നില്‍ ചാടി മേഘ ജീവനൊടുക്കിയതിന് കാരണം പ്രണയ നൈരാശ്യത്തിന് അപ്പുറം സുഹൃത്തിന്‍റെ വഞ്ചനയോയെന്നാണ് പൊലീസിന്‍റെ അന്വേഷണം. ട്രയിനിങ് സമയത്ത് പരിചയപ്പെട്ടാണ് ഒരേ ബാച്ചില്‍പ്പെട്ട മലപ്പുറം ഇടപ്പാള്‍ സ്വദേശിയും ഇപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്‍റുമായ സുകാന്ത് സുരേഷുമായി മേഘ പ്രണയത്തിലാവുന്നത്. ആത്മഹത്യയില്‍ സുകാന്തിനെ സംശയിക്കാവുന്ന പ്രധാന തെളിവുകളും പൊലീസിന് ലഭിച്ചു. മരണത്തിന് തൊട്ടുമുന്‍പ് മേഘ ഫോണ്‍ വിളിച്ചത് സുകാന്തിനെയെന്ന് സ്ഥിരീകരിച്ചു. എട്ട് സെക്കന്‍റ് മാത്രമായിരുന്നു സംസാരം. അന്ന് അതുകൂടാതെ ജോലി കഴിഞ്ഞിറങ്ങി റയില്‍വേ പാളത്തിലേക്ക് നടക്കുന്നതിനിടെ നാല് തവണ ഇരുവരും ഫോണ്‍ വിളിച്ചിട്ടുണ്ട്. ഇതെല്ലാം സെക്കന്‍റുകള്‍ മാത്രം നീണ്ട ഫോണ്‍വിളികളായിരുന്നു. എന്തായിരുന്നു ഈ ഫോണ്‍ വിളിയുടെ ലക്ഷ്യം. മേഘയുടെ അക്കൗണ്ടില്‍ നിന്ന് എട്ട് മാസത്തിനിടെ പലതവണ സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്. ഇതിന്‍റെ കാരണവും അറിയണം. ഇതില്‍ വ്യക്തത തേടി സുകാന്തിനെ ജോലി സ്ഥലത്തും വീട്ടിലും അന്വേഷിച്ചപ്പോളാണ് ഒളിവിലെന്ന് സ്ഥിരീകരിച്ചത്. ഫോണും സ്വിച്ച് ഓഫാണ്. സുകാന്ത് ഒളിവില്‍ പോയത് പൊലീസിന്‍റെ വീഴ്ചയെന്ന് ആരോപിച്ച മേഘയുടെ കുടുംബം സുകാന്ത് ചതിച്ചതാണെന്നും ആവര്‍ത്തിച്ചു. മേഘയുടെ വീട് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഐ.ബിക്ക് വീഴ്ചയില്ലെന്നും അന്വേഷണം വേഗത്തിലാക്കാന്‍ഇടപെടുമെന്നും അറിയിച്ചു.