മലപ്പുറം വേങ്ങരയിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. വേങ്ങര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് തെരുവിൽ ഏറ്റുമുട്ടിയത്. മർദനത്തിന്‍റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയോടെ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥികളാണ് പ്ലസ് വൺ വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ചത്. വേങ്ങര ബസ്റ്റാൻഡ് പരിസരം വരെ ഇരു കൂട്ടരും തമ്മിൽ സംഘർഷം നീണ്ടു. സീനിയർ വിദ്യാർത്ഥികളും ജൂനിയർ വിദ്യാർത്ഥികളും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഏറെനേരം വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം തുടർന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് വിദ്യാർഥികളെ പിരിച്ചുവിട്ടത്. സ്കൂൾ പരിസരത്ത് സംഘർഷം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെയുണ്ടായ സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.