കാസർകോട് കുമ്പള ബംബ്രാണയിൽ കഞ്ചാവ് കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തിപരിക്കേൽപ്പിച്ചു. ബംബ്രാണ സ്വദേശി അബ്ദുൾ ബാസിതാണ് എക്സൈസ് ഉദ്യോഗസ്ഥരായ പ്രജിത്, രാജേഷ് എന്നിവരെ ആക്രമിച്ചത്. പ്രതിയെ പിന്നീട് ബലമായി കീഴടക്കി.
2024 ൽ കാസർകോട് നഗരത്തിൽ വച്ച് 108 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ നാലാം പ്രതിയാണ് അബ്ദുൾ ബാസിത്. കേസിൽ പ്രതി ചേർത്തതോടെ ബാസിത് ഒളിവിൽ പോയി. ഇന്ന് കുമ്പളയിൽ പെട്രോളിങ് നടത്തുന്നതിനിടെ ബംബ്രാണയിലെ വീട്ടിൽ പ്രതി എത്തിയെന്ന വിവരം എക്സൈസിന് ലഭിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ സംഘം അബ്ദുൾ ബാസിതിന്റെ വീട്ടിലെത്തി. പിടികൂടാനുള്ള ശ്രമത്തിനിടെ അക്രമാസക്തനായ പ്രതി ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു.
എക്സൈസ് പ്രിവന്റ്റീവ് ഓഫിസർ പ്രജിത്തിന് കഴുത്തിലും രാജേഷിന് കൈക്കുമാണ് പരുക്കേറ്റത്. ഇരുവരെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ കുമ്പള പൊലീസ് അബ്ദുൾ ബാസിത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു.