കെ.സി.ബി.സിക്കു പിന്നാലെ വഖഫ് നിയമഭേഗദതിയെ പിന്തുണച്ച് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും. ബില്ലിനെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പിന്തുണയ്ക്കണമെന്ന കെ.സി.ബി.സി. നിലപാടിന് പിന്നാലെയാണ് സി.ബി.സി.ഐ രംഗത്തെത്തിയത്. നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഭേദഗതി അനിവാര്യമാണെന്നും സി.ബി.സി.ഐ വ്യക്തമാക്കി. മുനമ്പത്തെ അറുനൂറിലധികം കുടുംബങ്ങളുടെ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കാന്‍ കാരണം നിലവിലെ നിയമമാണ്. ഭേദഗതിയിലൂടെ മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകൂ എന്നും സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, കെ.സി.ബി.സി നിലപാട് ഏറ്റെടുത്ത കേന്ദ്രമന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. കെ.സി.ബി.സിയുടെ നിലപാട് ഏറ്റുപിടിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രീണന രാഷ്ട്രീയത്തിനായി എം.പിമാര്‍ ജനങ്ങളുടെ താല്‍പര്യം ഇല്ലാതാക്കരുതെന്ന് പറഞ്ഞു. നിയമത്തിലെ ഭരണഘടന വിരുദ്ധമായ വകുപ്പുകൾ നീക്കം ചെയ്യണമെന്നാണ് കെ.സി.ബി.സി ആവശ്യപ്പെടുന്നതെന്ന് നിര്‍മല സീതാരാമനും എക്സില്‍ കുറിച്ചു.
ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അല്ലാഹുവിനെ ഭയപ്പെടുന്നവരാണ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്നും പാളയം ഇമാം. കെ.സി.ബി.സിയുടെ തെറ്റിദ്ധാരണ നീക്കാന്‍ ചര്‍ച്ചനടത്തുമെന്ന് മുസ്‌ലിം ലീഗ് എം.പി. ഹാരിസ് ബീരാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബില്ലിന്‍റെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം പ്രതികരിക്കാം എന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടെ പ്രതികരണം. ബുധനാഴ്ച വഖഫ് നിയമഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.