പത്തനംതിട്ട വലഞ്ചുഴിയിൽ 14 കാരി ആറ്റിൽ ചാടി മരിച്ചതില്‍ അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ. അഴൂർ സ്വദേശിനി ആവണി മരിച്ച സംഭവത്തിൽ അയൽവാസി ശരത്താണ് കസ്റ്റഡിയിലായത്. ആവണിയെ ചൊല്ലി ശരത്തും കുടുംബാംഗങ്ങളും തമ്മിലുണ്ടായ കയ്യാങ്കളി കണ്ട മനോവിഷമത്തിൽ ആവണി ആറ്റിൽ ചാടി മരിച്ചെന്നാണ് എഫ്ഐആർ.
ഇന്നലെ രാത്രി ഒമ്പതുമണിയോടെ കുടുംബാംഗങ്ങളോടൊപ്പം വലഞ്ചുഴി ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയതായിരുന്നു ആവണി. പിന്നാലെ കൂട്ടുകാർക്കൊപ്പമെത്തിയ ശരത് ആവണിയുടെ കുടുംബാംഗങ്ങളുമായി വാക്കു തർക്കത്തിലേർപ്പെട്ടു. ശരത്ത് ആവണിയുടെ സഹോദരനെ മർദ്ദിച്ചു. കയ്യാങ്കളി കണ്ട മനോവിഷമത്തിൽ ആവണി അച്ചൻകോവിലാറ്റിൽ ചാടിയെന്നാണ് എഫ്ഐആർ. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഉത്സവപ്പറമ്പിൽ മകളുടെ പിന്നാലെ നടന്ന ശരത്ത് അസഭ്യം പറഞ്ഞതായി ആവണിയുടെ അച്ഛൻ പ്രകാശ് പറഞ്ഞു.
അതേസമയം ആവണിയുടെ കുടുംബാംഗങ്ങളാണ് തന്നെ മർദ്ദിച്ചതെന്നാണ് ശരത്തിന്റെ വാദം. പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആവണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.