കോഴിക്കോട് കടലുണ്ടിപ്പാലത്തിന്‍റെ അടിയില്‍നിന്ന് ലഹരിയുമായി എക്സൈസ് സംഘം പൊക്കിയ ചെറുപ്പക്കാരുടെ ഷോ കണ്ടു കേരളം. കയ്യില്‍ വിലങ്ങുണ്ട്. ക്ഷോഭമത്രയും ഇവരെ പിടികൂടിയ ഉദ്യോഗസ്ഥരോടാണ്. .കൊച്ചിയില്‍ അരക്കിലോ എംഡിഎംഎയുമായാണ് രാസലഹരി വിതരണക്കാരിലെ പ്രധാനിയായ ചെറുപ്പക്കാരനെ പിടികൂടിയപ്പോള്‍ അവിടെയും കണ്ടു ചില പ്രകടനങ്ങള്‍. ജീവന്‍ പണയപ്പെടുത്തിയാണ് പൊലീസിന്‍റെയും എക്സൈസ് സംഘത്തിന്‍റെയും മിക്ക പരിശോധനകളും. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരുടെ ആക്രമണം എവിടെനിന്നും ഉണ്ടാകാം.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ മദ്യപാനിയെ പിടികൂടുന്നതിനിടയില്‍ പൊലീസുകാര്‍ക്ക് കടിയേറ്റു. കൊച്ചി വൈറ്റിലയില്‍ ബംഗാളുകാരനായ തപന്‍ ആണ് മദ്യലഹരിയില്‍ പൊലീസുകാരെ കടിച്ചത്. വൈറ്റില പാലത്തിന് താഴെ താമസിക്കുന്ന ഇയാള്‍ സ്ഥിരം ശല്യക്കാരനായിരുന്നു. രാത്രി വൈറ്റിലയില്‍വച്ച് മദ്യലഹരിയില്‍ അക്രമാസക്തനായ ഇയാളെ പിടികൂടാനാണ് കടവന്ത്ര പൊലീസ് എത്തിയത്. അപ്പോഴായിരുന്നു ആക്രമണം.
ലഹരിവേട്ടയ്ക്ക് മുന്‍പെങ്ങുമില്ലാത്തവിധം സന്നാഹത്തോടെയാണ് പോലീസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സകലകോണുകളില്‍നിന്നുമുള്ള വമ്പിച്ച പിന്തുണ അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ലഹരിക്കാരെ പൂട്ടിക്കെട്ടാന്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ലഹരി ഇടപാടിന് ഇറങ്ങിയാൽ സ്വത്തുക്കളും നഷ്ടമാകുമെന്നോര്‍പ്പെടുത്തുകയാണ് പൊലീസ്.
ലഹരി കടത്തിന് പിടിയിലാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി പൊലീസ് ശക്തമാക്കിക്കഴിഞ്ഞു. ലഹരിയുടെ പിടിയില്‍നിന്ന് കുട്ടികളെയും യുവാക്കളെയും രക്ഷിക്കാന്‍ സാമൂഹ്യ ഇടപെടല്‍ തേടി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത വിശാലയോഗം പുതിയ ചുവടുവയ്പ്പായി. കുട്ടികള്‍ക്കിടയില്‍ ഭീതിതമായ രീതിയില്‍ സജീവമായ അക്രമങ്ങള്‍ക്ക് തടയിടാന്‍ അഞ്ച് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന വിശാല കര്‍മപദ്ധതി തയാറാക്കുകയാണ്. യോഗത്തിലുയര്‍ന്ന അഭിപ്രായം ഉള്‍പ്പെടുത്തി വിശാല കര്‍മപദ്ധതി തയാറാക്കും. മൂന്ന് ഘട്ടങ്ങളിലായി അഞ്ച് വര്‍ഷം വരെ നീളുന്ന പ്രതിരോധ പദ്ധതിയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. സമൂഹത്തിന്റെ പിന്തുണ പൂര്‍ണമായും ആവശ്യമുള്ള പദ്ധതി. വിവാദങ്ങളില്ലാതെ, രാഷ്ട്രീയവാഗ്വാദങ്ങളില്ലാതെ നടപ്പാക്കേണ്ട പദ്ധതി. അത് വിജയം കാണേണ്ടത് വരുന്ന തലമുറകള്‍ക്ക് കൂടി അനിവാര്യം. ലഹരിയുടെ ഉപയോഗവും വില്‍പനയും അവസാനിപ്പിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് ഫലം എളുപ്പത്തിലാക്കുമെന്ന് ഉറപ്പ്.