AI Generated Image.
കുടുംബ വഴക്കിനെത്തുടര്‍ന്ന് അമ്മായിയമ്മയെ കൊല ചെയ്ത് മരുമകള്‍. അമ്മായിയമ്മയുടെ തല ഭിത്തിയിലിടിപ്പിച്ച ശേഷം കറിക്കത്തി കൊണ്ട് കുത്തിയാണ് ഇരുപത്തിരണ്ടുകാരി കൊല നടത്തിയത്. മഹാരാഷ്ട്രയിലെ ഝാല്‍നയിലാണ് സംഭവം. പ്രതീക്ഷ ഷിങ്ഗാരെ എന്ന യുവതി പൊലീസ് പിടിയിലായി. സവിത ഷിങ്ഗാരെ എന്ന നാല്‍പത്തിയഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. ചെവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ്.
അമ്മായിയമ്മയെ കൊന്നതിനു ശേഷം മൃതദേഹം മറവു ചെയ്യാന്‍ യുവതി ശ്രമിച്ചു. ബാഗിലാക്കിയ മൃതദേഹത്തിന്‍റെ ഭാരം കാരണം പ്രതീക്ഷയ്ക്ക് അത് മറവുചെയ്യാന്‍ കഴിഞ്ഞില്ല. ഇതോടെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാനായി ശ്രമം. ബുധനാഴ്ച രാവിലെ ആറുമണിയോടെ വീടുവിട്ടിറങ്ങിയ പ്രതി സ്വന്തം വീട്ടിലേക്ക് പോകാനായി ട്രെയിന്‍ കയറി. എന്നാല്‍ ഇതിനിടെ സംഭവം പൊലീസ് അറിഞ്ഞു.
ആറുമാസം മുന്‍പായിരുന്നു പ്രതീക്ഷയും സവിതയുടെ മകന്‍ ആകാശും തമ്മിലുള്ള വിവാഹം. ലത്തൂരിലെ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരാനാണ് ആകാശ്. ഝാല്‍നയിലെ വാടകവീട്ടില്‍ പ്രതീക്ഷയും സവിതയും മാത്രമാണ് കൊല നടക്കുമ്പോള്‍ ഉണ്ടായിരുന്നത്. പ്രതീക്ഷ വീടുവിട്ടിറങ്ങിയ പിന്നാലെ ഇവിടെയെത്തിയ വീട്ടുടമയാണ് മൃതദേഹം കണ്ടതും പൊലീസില്‍ വിവരം അറിയിച്ചതും. പിന്നാലെ പ്രതി പൊലീസ് പിടിയിലായി.
തലയിലേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് എ.എസ്.പി ആയുഷ് നോപാനി വ്യക്തമാക്കി. സ്വന്തം വീട്ടില്‍ വച്ചാണ് പൊലീസ് പ്രതീക്ഷയെ കസ്റ്റഡിയിലെടുത്തത് എന്നും പൊലീസ് അറിയിച്ചു.