കോവിഡ് വ്യാപന കാലത്ത് ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് പതിനഞ്ച് വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ വീതം പിഴയും ശിക്ഷ. പെരിന്തൽമണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ് , ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. രാജ്യത്ത് കരമാര്‍ഗം പിടികൂടിയ രണ്ടാമത്തെ അളവ് കഞ്ചാവ് കേസാണെന്നും വലിയ ശിക്ഷ നല്‍കിയത് സമൂഹം ചര്‍ച്ച ചെയ്യുന്ന ലഹരിവ്യാപന വിപത്തിനെതിരായ കോടതിയുടെ സന്ദേശമാണെന്നും പ്രോസിക്യൂഷന്‍.
രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത തുടരുന്ന കാലം. 22–04–2021 ന് രാവിലെ വാളയാറില്‍ എക്സൈസിന്‍റെ വാഹന പരിശോധന. അതിര്‍ത്തി കടന്നെത്തിയ ലോറി. വിശാഖപട്ടണത്ത് നിന്നും ചരക്കിറക്കി മടങ്ങുകയാണെന്ന് ലോറിയിലുണ്ടായിരുന്നവര്‍. എക്സൈസിന്‍റെ വിശദമായ പരിശോധനയില്‍ ചരക്ക് ഇറക്കിയിട്ടില്ല എറണാകുളത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മനസിലായി. ഒറ്റനോട്ടത്തില്‍ ടാര്‍പോളിന് താഴെ ചരക്കുണ്ടെന്ന് തോന്നുകയേ ഇല്ല. വിശദമായ പരിശോധയിലാണ് ലഹരി ഒളിപ്പിച്ചിരുന്ന അറ തുറക്കാനായത്. പ്ലൈവുഡ് ഉപയോഗിച്ച് പ്രത്യേകം തീര്‍ത്ത അറയ്ക്കുള്ളില്‍ കഞ്ചാവ് ശേഖരം. 328 കവറുകളിലായി 757.455 കിലോ ഉണക്ക കഞ്ചാവ്. കൊവിഡ് കാലത്ത് കാര്യമായ പരിശോധനയുണ്ടാവില്ലെന്ന് കരുതിയവരെ കുടുക്കിയത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പി.കെ.സതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം.
വിശാഖപട്ടണത്ത് നിന്നാണ് ലഹരി എത്തിച്ചത്. എറണാകുളത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. വിശാഖപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്തുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്ന് തെളിഞ്ഞു. ലോറിയിലുണ്ടായിരുന്ന ബാദുഷ, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരാണ് പിടിയിലായത്. മൂവര്‍ക്കും പതിനഞ്ച് വര്‍ഷം വീതം കഠിനതടവും ഒന്നരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഇന്നത്തെ സാഹചര്യത്തില്‍ ഈ ശിക്ഷ സമാനമായ കുറ്റം നടത്താനിറങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. കേസ് പിടികൂടുമ്പോള്‍ തന്നെ പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. കോടതി പരമാവധി തെളിവുകള്‍ പരിഗണിച്ച് ശിക്ഷ ഉറപ്പാക്കുകയായിരുന്നു.
ശിക്ഷ ലഭിച്ചവര്‍ക്കൊപ്പം കഞ്ചാവ് കടത്തില്‍ പങ്കാളിയായ കാട്ടാക്കട സ്വദേശി സതീഷിനെ അടുത്തിടെ എക്സൈസ് പിടികൂടിയെങ്കിലും വിചാരണ നടപടികള്‍ തുടങ്ങാനായിട്ടില്ല. കേസില്‍ 18 സാക്ഷികളെ വിസ്‌തരിച്ചു. 59 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യുട്ടർ പി. അനില്‍, സ്പെഷല്‍ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സിദ്ധാർഥന്‍ എന്നിവരാണ് ഹാജരായത്.