ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ സുഹൃത്തിനെ കൊന്ന് ഒന്‍പത് കഷണങ്ങളാക്കി യുവാവ്. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സച്ചിന്‍ ചൗഹാന്‍റെ കൊലപാതകത്തില്‍ സുഹൃത്ത് ശൈലേന്ദ്ര ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും കോളജ് കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു. സച്ചിനും മൊബൈല്‍ പാസ്‍വേഡും എടിഎം പിന്‍ നമ്പറും പരസ്പരം അറിയാമെന്ന് പൊലീസ് വ്യക്തമാക്കി. ശൈലേന്ദ്രയുടെ ഫോണില്‍ നിന്നും ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ സച്ചിന്‍ കൈക്കലാക്കിയിരുന്നു. പിന്നീട് ഇത് ഉപയോഗിച്ച് സച്ചിന്‍ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. ശൈലേന്ദ്ര സച്ചിന്റെ പേരിൽ നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു, ഇതും ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായി.
മാര്‍ച്ച് 24 ന് പാര്‍ട്ടിക്കായി ശൈലേന്ദ്ര സച്ചിനെ വീട്ടിലേക്ക് ക്ഷണിച്ചു. സച്ചിന്‍ ഉറങ്ങുന്നതിനിടെ ഫോണില്‍ നിന്നും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ശൈലേന്ദ്ര ശ്രമിച്ചു. ഉറക്കം ഞെട്ടി ഉണര്‍ന്ന സച്ചിന്‍ ഇത് എതിര്‍ക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. സംഘര്‍ഷത്തിനൊടുവില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്ത് ഉപയോഗിച്ച് ശൈലേന്ദ്ര സച്ചിന്‍റെ കഴുത്തിന് കുത്തികൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മൂന്ന് ദിവസമെടുത്താണ് മൃതദേഹം ഒന്‍പത് കഷണമാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത്. ഇതിനിടെ പൊലീസിനെ കബളിപ്പിക്കാന്‍ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം ധരിച്ചാണ് മൃതദേഹം ഉപേക്ഷിച്ചത്. സച്ചിന്‍റെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാര്‍ക്ക് മേസേജ് അയച്ച് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ശൈലേന്ദ്രയുടെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധവും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
മാർച്ച് 29 ന് ഒരു തെരുവ് നായ ഒരു മനുഷ്യ തല അഴുക്കുചാലിൽ നിന്ന് വലിച്ചിഴച്ചതോടെയാണ് കൊലപാതകം വെളിച്ചത്തുവന്നത്. അടുത്ത മൂന്ന് ദിവസങ്ങളിൽ, വിവിധ സ്ഥലങ്ങളിൽ നിന്ന് ഉടലും കൈകളും ഉൾപ്പെടെ വ്യത്യസ്ത ശരീരഭാഗങ്ങൾ കണ്ടെത്തി. ഭോലാവ് ജിഐഡിസിയില്‍ 1.5 കിലോമീറ്റർ ചുറ്റളവിൽ, റോഡുകൾക്ക് സമീപമുള്ള അഴുക്കുചാലുകളിലാണ് എല്ലാ ശരീരഭാഗങ്ങളും കണ്ടെത്തിയത്. കയ്യിലെ ടാറ്റൂവില്‍ നിന്നാണ് മരിച്ചത് സച്ചിനാണെന്ന് തിരിച്ചറിഞ്ഞത്.