AI Generated, പ്രതീകാത്മക ചിത്രം
വിവാഹേതര ബന്ധത്തിന് തടസമാകുമെന്നുകണ്ട് മൂന്നുമക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തെലങ്കാനയിലെ സങ്കറ്ഡ്ഡി ജില്ലയിലാണ് സംഭവം. കൊലയ്ക്കു സഹായിച്ച ആണ്‍സുഹൃത്തും അറസ്റ്റിലായി. ഒരാഴ്ച മുന്‍പാണ് സംഭവം. മരിക്കാനായി താനും മക്കളും തൈര് സാദത്തില്‍ വിഷംചേര്‍ത്ത് കഴിച്ചെന്നും മക്കള്‍ മരിച്ചെന്നുമായിരുന്നു അമ്മ ആദ്യം പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പിന്നീട് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ അമ്മ തന്നെയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സങ്കറെഡ്ഡി പൊലീസ് പറയുന്നത് ഇങ്ങനെയാണ്, 2013ലാണ് തന്നേക്കാള്‍ 20 വയസ് കൂടുതലുള്ളയാളെ യുവതി വിവാഹം കഴിച്ചത്. അന്ന് അവര്‍ പ്രൈവറ്റ് സ്കൂള്‍ അധ്യാപികയായിരുന്നു . ടാങ്കര്‍ലോറി ഡ്രൈവറായിരുന്നു ഭര്‍ത്താവ്. പിന്നീട് ഒരു പൂര്‍വകാല വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത ശേഷമാണ് പഴയ സുഹൃത്തുമായി പ്രണയത്തിലായത്.
ഭര്‍ത്താവുമായുള്ള പ്രായവ്യത്യാസം കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തുമായുള്ള ബന്ധം വളര്‍ന്നത്. ഫോണ്‍കോളുകളിലൂടെയും ചാറ്റുകളിലൂടെയും സംസാരം തുടര്‍ന്നു. ഇതിനിടെ വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവതിയോട് കുട്ടികളെ ഉപേക്ഷിക്കണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ മക്കള്‍ തടസമാകുമെന്ന് കണ്ടതോടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. ആദ്യം യുവതി പറഞ്ഞ മൊഴി പൊലീസ് വിശ്വസിച്ചെങ്കിലും കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കാര്യങ്ങള്‍ വ്യക്തമായി. വിഷം അകത്തുചെന്നല്ല കുട്ടികളുടെ മരണമെന്നും വ്യക്തമായി. പന്ത്രണ്ടും പത്തും എട്ടും വയസുള്ള കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി അമീൻപൂർ ഗ്രാമത്തിലെ ബിരൻഗുഡയിലെ രാഘവേന്ദ്ര കോളനിയിലാണ് ഈ കുടുംബം താമസിക്കുന്നത്.