കൊല്ലം കുന്നിക്കോട് ആവണീശ്വരത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതില്‍ ദുരൂഹതയെന്ന് പരാതി. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇരുപത്തിമൂന്നുകാരി പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെയായിരുന്നു മരണം.
പത്തനാപുരം പുന്നല തെക്കേക്കര സ്വദേശി നൗഫിയ മൻസിലിൽ ഇരുപത്തിമൂന്ന് വയസുള്ള നൗഫിയ ആണ് മരിച്ചത്.
ആവണീശ്വരം രഹ്മത്ത് മൻസിലിൽ ഇരുപത്തിയഞ്ചുകാരനായ ഷെഹീമിന്റെ ഭാര്യയാണ്. നൗഫിയയും ഷെഹീമും കുടുബവീട്ടിൽ നിന്ന് മാറി വാടക വീട്ടിലായിരുന്നു താമസം. ഈ വീടിനുളളിലാണ് നൗഫിയയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. നൗഫിയയും ഷെഹീമിന്‍റെ മാതാപിതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. കുന്നിക്കോട് പൊലീസിന് നൗഫിയ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നൗഫിയുടെ മരണം. ദുരൂഹതയുണ്ടെന്നാണ് നൗഫിയയുടെ വീട്ടുകാരുടെ പരാതി.
ആദ്യ വിവാഹ ബന്ധം വേർപെടുത്തി സാമൂഹമാധ്യമം വഴി പരിചയപ്പെട്ട ഷെഹീമുമായി ഒന്നരം വർഷം മുൻപായിരുന്നു നൗഫിയയുടെ വിവാഹം. പുനലൂരില്‍ സ്വകാര്യ നഴ്സിങ് കോളജിൽ നഴ്സിങ് വിദ്യാർഥിയായിരുന്നു നൗഫിയ. കുന്നിക്കോട് പൊലീസ് അന്വേഷണം തുടങ്ങി.