കാസർകോട് 450 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ദക്ഷിണ കന്നഡ കന്യാന സ്വദേശി കലന്തർ ഷാഫിയാണ് എക്സൈസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്നലെ വൈകീട്ട് ആറുമണിയോടെ മഞ്ചേശ്വരത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ് സംഘം. ഈ സമയത്താണ് കാറിൽ രണ്ടുപേർ അമിതവേഗതയിൽ എത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവർ വാഹനം രക്ഷപ്പെടാൻ ശ്രമിച്ചു. മതിലിൽ ഇടിച്ചു നിന്ന വാഹനത്തിൽ നിന്ന് ഒരാൾ ഇറങ്ങിയോടി. വാഹനമോടിച്ചിരുന്ന ദക്ഷിണ കന്നഡ കന്യാന സ്വദേശി കലന്തർ ഷാഫിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് 130 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. പ്രതിയെ ചോദ്യം ചെയ്തതോടെ വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയ കൂട്ടുപ്രതി ബഡാജെ സ്വദേശി മൊയ്തീൻ യാസിറിനെ കുറിച്ചും വിവരം ലഭിച്ചു... മൊയ്തീൻ യാസറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 320 ഗ്രാം ലഹരി മരുന്ന് പിടികൂടി.
ഹാഷിഷ് ഓയിൽ ഉപ്പള, കാസർകോട് മേഖലയിൽ വിതരണത്തിന് എത്തിച്ചതാണെന്ന് കലന്തർ ഷാഫി എക്സൈസിനോട് സമ്മതിച്ചു. മൊയ്തീൻ യാസറിനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.