Image: Meta AI
ചൈത്ര നവരാത്രി പൂജയ്ക്കൊരുങ്ങവേ ആര്‍ത്തവമായതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിയായ പ്രിയാന്‍ഷ സോണിയാണ് ആത്മഹത്യ ചെയ്തത്. കടുത്ത ദുര്‍ഗഭക്തയായ പ്രിയാന്‍ഷ പൂജയ്ക്കുള്ള പഴങ്ങളും പൂക്കളും മധുര പലഹാരങ്ങളും ധാന്യങ്ങളുമെല്ലാം ഭര്‍ത്താവിനെ കടയിലയച്ച് വാങ്ങി, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ മാര്‍ച്ച് 30ന് നവരാത്രി ഉല്‍സവത്തിന്‍റെ ആദ്യ ദിനം പ്രിയാന്‍ഷയ്ക്ക് മാസമുറ ആരംഭിച്ചു. ഇതോടെ പൂജ മുടങ്ങി. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അശുദ്ധരായിരിക്കുമെന്നും പൂജാദികര്‍മങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നുമുള്ള വിശ്വാസക്കാരിയായിരുന്നു പ്രിയാന്‍ഷ.
ഒരു വര്‍ഷമായി നവരാത്രി പൂജയ്ക്കായി പ്രിയാന്‍ഷ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. പൂജയുടെ സമയത്ത് തനിക്ക് ആര്‍ത്തവമായാല്‍ പൂജ മുടങ്ങുമോ എന്നോര്‍ത്ത് പ്രിയാന്‍ഷ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു. ആര്‍ത്തവം സ്വാഭാവികമായ പ്രക്രിയയാണെന്നും അങ്ങനെ സംഭവിച്ചാല്‍ പ്രിയാന്‍ഷയ്ക്ക് പകരം താന്‍ പൂജകള്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി.
പ്രിയാന്‍ഷ ഭയന്ന് പോലെ പൂജ ആരംഭിക്കാനിരിക്കെ ആര്‍ത്തവമായി. വ്രതമെടുക്കലും മുടങ്ങി. ഇതോടെ ഭര്‍ത്താവിനെ വിളിച്ച് വീട്ടിലേക്ക് എത്രയും വേഗമെത്തണമെന്ന് പ്രിയാന്‍ഷ കരഞ്ഞെന്ന് വീട്ടുകാര്‍ പറയുന്നു. രണ്ടുതവണ ഭര്‍ത്താവ് വീട്ടിലെത്തി ആശ്വസിപ്പിച്ച് മടങ്ങി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങിയതിന് പിന്നാലെ പ്രിയാന്‍ഷ വിഷം കഴിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.