പൊള്ളുംവിലയുള്ളകാലത്ത് അരക്കോടിയുടെ സ്വര്‍ണം പോയതിലല്ല മൂത്ത സഹോദരി വഞ്ചിച്ചല്ലോ എന്നാണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശിനി റോസമ്മ ദേവസിയുടെ സങ്കടം.വിശ്വസിച്ച് ഏല്‍പ്പിച്ച 80പവന്‍റെ സ്വര്‍ണമാണ് മൂത്തസഹോദരിയും മകളും ചേര്‍ന്ന് തട്ടിയെടുത്തത്.ഇപ്പോഴത്തെ മാര്‍ക്കറ്റ് വില വച്ചാണെങ്കില്‍ അരക്കോടിയുടെ സ്വര്‍ണം. ഇത്രയും സ്വര്‍ണം പോയിട്ടും മകളോ മരുമകനോ തന്നെ കുറ്റപ്പെടുത്താത്തതാണ് റോസമ്മയുടെ ആശ്വാസം
എഴുപത്തിമൂന്നു വയസുള്ള റോസമ്മ ദേവസി കഴിഞ്ഞ നവംബറില്‍ വിദേശത്തുള്ള മകളുടെ അടുത്തേക്ക് പോയി.കൈവശം ഉണ്ടായിരുന്ന 80പവന്‍ മൂത്ത സഹോദരി സാറാമ്മ മത്തായിയെ സൂക്ഷിക്കാന്‍ ഏല്‍പിച്ചതാണ്.ഏങ്ങോട്ടെങ്കിലും പോയാല്‍ അതാണ് പതിവ്.ഇക്കുറി പക്ഷെ ചതിപറ്റി.ജനുവരിയില്‍ തിരിച്ചു വന്ന് സ്വര്‍ണം ചോദിച്ചപ്പോള്‍ ചേച്ചി സാറാമ്മ കൈമലര്‍ത്തി.പലവട്ടം ചോദിച്ചിട്ടും സ്വര്‍ണം തിരിച്ചുകിട്ടിയില്ല.മകളുടേയും മരുമകന്‍റെയും കൊച്ചുമക്കളുടേതും അടക്കമാണ് സ്വര്‍ണം.
പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പലവട്ടം കയറിയിറങ്ങിയെങ്കിലും പൊലീസ് കേസെടുത്തില്ല.സാമ്പത്തിക വര്‍ഷം തീരുന്നതിനാല്‍ കേസ് എടുക്കാന്‍ ആവില്ലെന്നായിരുന്നു വിചിത്ര വിശദീകരണം.വാര്‍ത്തയായതോടെ75വയസുള്ള സാറാമ്മ മത്തായിയേയും മകള്‍ സിബിയേയും പ്രതിയാക്കി കേസെടുത്തു.
പൊലീസ് ഇടപെട്ടതോടെ എട്ടു പവന്‍ തിരിച്ചുകിട്ടി.ഇനിയും72പവന്‍ പല ബാങ്കുകളിലായി പണയത്തിലാണ്.ചേച്ചിയുടെ മകളാണ് പണയം വച്ചത്.സ്വര്‍ണം തിരികെച്ചോദിച്ചപ്പോള്‍ കെട്ടിപ്പിടിച്ച് ഉറങ്ങാനാണോ എന്നായിരുന്നു ചേച്ചിയുടെ ഭര്‍ത്താവിന്‍റെ ചോദ്യം.
27വര്‍ഷം മുന്‍പാണ് റോസമ്മയുടെ ഭര്‍ത്താവ് മരിച്ചത്. മകള്‍ക്ക് അന്ന് 14വയസ്. ലാബ് ടെക്നീഷ്യന്‍ ജോലിയുണ്ടായിരുന്ന റോസമ്മ ഒറ്റയ്ക്ക് പോരാടിയാണ് മകളെ വളര്‍ത്തിയത്.കാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയതടക്കമുള്ള സ്വര്‍ണമാണ് പോയത്.ലോക്കറില്‍ വക്കാന്‍ പലവട്ടം ആലോചിച്ചെങ്കിലും പിന്നെയാകട്ടെ എന്ന് കരുതി നീട്ടി വച്ചതിന്‍റെ ഫലമാണ് താന്‍ അനുഭവിക്കുന്നത് എന്ന് റോസമ്മ പറയുന്നു.ഈ തീവിലയുടെ കാലത്ത് പൊന്ന് മറ്റാരേയും വിശ്വസിച്ച് ഏല്‍പ്പിക്കരുതെന്നാണ് റോസമ്മയുടെ പാഠം.