ed-seized-cash-gokulam

ഗോകുലം ഗ്രൂപ്പിലെ റെയ്ഡിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ്. പ്രവാസികളില്‍ നിന്ന് ചട്ടം ലംഘിച്ച് 593 കോടി സമാഹരിച്ചുവെന്നാണ് കണ്ടെത്തല്‍. ചിട്ടിക്കെന്ന പേരില്‍ പണമായും ചെക്കായും തുക വാങ്ങി. പ്രവാസികള്‍ക്ക് പണമായി തിരികെ നല്‍കിയതും ചട്ടലംഘനം. ഒന്നരക്കോടി രൂപയും ഫെമ ചട്ടലംഘനത്തിന്‍റെ തെളിവുകളും പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു.

ഗോകുലം ഗ്രൂപ്പ് വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതായി ഇഡി നേരത്തെ അറിയിച്ചിരുന്നു. എമ്പുരാന്‍ സിനിമ നിര്‍മാണത്തിനായി ചെലവഴിച്ച പണം സംബന്ധിച്ചും ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. കോഴിക്കോടും ചെന്നൈയിലുമായി മൂന്നിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തു. കോടമ്പാക്കത്തെ കോര്‍പറേറ്റ് ഓഫിസില്‍നിന്നാണ് പണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

ഗോകുലം ചിറ്റ്സിന്‍റെ തമിഴ്നാട് കോടമ്പാക്കത്തെ കോര്‍പ്പറേറ്റ് ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ഇന്ന് പുലര്‍ച്ചയോടെ. റെയ്ഡിനൊപ്പം ഗോകുലം ഗ്രൂപ്പ് എംഡി ഗോകുലം ഗോപാലനെയും ഇ‍ഡി ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു. ആദ്യം കോഴിക്കോടും പിന്നീട് ചെന്നൈയിലേക്കും വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഈ പരിശോധനയിലാണ് വിദേശ നാണയ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള കണ്ടെത്തല്‍. ചിട്ടിക്ക് പുറമെ സിനിമ നിര്‍മാണം അടക്കമുള്ള ഗോകുലം ഗ്രൂപ്പിന്‍റെ സാമ്പത്തികയിടപാടുകളും ഇഡി വിശദമായി പരിശോധിച്ചു. സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് വിലയിരുത്തല്‍. സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

ശ്രീ ഗോകുലം ചിറ്റ്സില്‍ പ്രവാസികളില്‍ നിന്നടക്കം ഫെമ ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചതായി നേരത്തെ ഇഡി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2022ല്‍ ഇഡി കൊച്ചി യൂണിറ്റ് സ്വമേധയാ എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് പരിശോധനയും ചോദ്യം ചെയ്യലുമെന്നാണ് ഇഡിയുടെ വിശദീകരണം. അന്വേഷണം ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ടായതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെങ്കിലും  കനത്ത പിഴയൊടുക്കേണ്ടി വരും. രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. അന്വേഷണവുമായി ഗോകുലം ഗോപാലന്‍ പൂര്‍ണമായി സഹകരിച്ചതായും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

The Enforcement Directorate (ED) has revealed shocking details of a raid on the Gokulam Group, uncovering illegal financial activities involving over ₹593 crore collected from expatriates. The funds were gathered under the guise of “Chitties,” with the group accepting money in cash and cheques, violating financial regulations. The ED has seized ₹1.5 crore and evidence of violations related to FEMA (Foreign Exchange Management Act).