സിപിഎം ജനറൽ സെക്രട്ടറി ആരെന്നതിൽ ധാരണയാകാതെ പാർട്ടി കേന്ദ്രനേതൃത്വം. ബംഗാൾ ഘടകത്തിൻറെ ഉൾപ്പെടെ പിൻതുണയുള്ള എം.എ.ബേബിക്ക് തന്നെയാണ് മുൻ തൂക്കം. പാർട്ടി താഴേത്തട്ടിൽ അതീവ ദുർബലമാണെന്ന് സംഘടന റിപ്പോർട്ടിന്‍മേലുള്ള ചർച്ചയിൽ പി.കെ.ബിജു കേരളഘടകത്തിന് വേണ്ടി സ്വയം വിമർശനം നടത്തി. കേരളത്തിൽ ഉൾപ്പെടെ കൊഴിഞ്ഞുപോക്ക് ഉണ്ടെന്നും ജനകീയ വിഷയങ്ങൾ ഉയർത്തി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെ സംഘടനാപരമായി മുന്നോട്ടു കൊണ്ടു പോകാൻ ശേഷിയുള്ള ഒരു ജനറൽ സെക്രട്ടറിയെയാണ് സിപിഎം തേടുന്നത്. പിബിയിൽ തുടരുന്ന എല്ലാവരും കരുത്തരാണ് എങ്കിലും പാർട്ടി കോൺഗ്രസ് തുടങ്ങി അഞ്ചു ദിവസമായിട്ടും ജനറൽ സെക്രട്ടറി ആരെന്ന ഒറ്റപേരിലേക്ക് എത്താൻ നേതൃത്വത്തിന് ഇനിയുമായിട്ടില്ല. അൻപതു വർഷത്തെ സംഘാടന കരുത്താണ് എം.എ ബേബിയുടെ സാധ്യതകൾ കൂട്ടുന്നത്. ബംഗാൾ ഘടകത്തിനും എം.എ ബേബി ആകുന്നതിനോട് പൂർണ യോജിപ്പാണ്. തമിഴ്നാട് ഉൾപെടെയുള്ള ഭൂരിപക്ഷം സംസ്ഥന ഘടകങ്ങളും എം.എ.ബേബി വരട്ടെ എന്ന നിലപാടിലാണ്. ഇന്ന് വൈകിട്ട് ചേരുന്ന പിബി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് നിർണായകമാണ്.
കേരളത്തിന് പുറത്തുള്ള നേതാവ് ജനറൽ സെക്രട്ടറിയാവണമെന്ന് തീരുമാനിച്ചാൽ മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധവ്ളയോ ബംഗാളിൽ നിന്നുള്ള മുഹമ്മദ് സലീമോ പദവിയിലെത്താം. പിബിയിൽ നിന്ന് പ്രകാശ് കാരാട്ടും മണിക്ക് സർക്കാരും ബൃന്ദ കാരാട്ടും ഉൾപ്പെടെ ആറുപേർഒഴിയും. കേരളത്തിനു കേന്ദ്രകമ്മിറ്റിയിൽ പുതിയ മൂന്ന് പേരെ ലഭിക്കും. പുത്തലത്ത് ദിനേശൻ, ടി.പി.രാമകൃഷ്ണൻ, മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, പി കെ ബിജു, ടിഎൻ സീമ, പി.കെ.സൈനബ എന്നിവരിൽനിന്ന് മൂന്ന് പേർ പരിഗണിക്കപ്പെട്ടേക്കാം.