വ്യാജന്‍മാരുടെ കാലമാണിപ്പോള്‍ എന്തിനും ഏതിനും വ്യാജനുള്ള കാലം. ഒരു സോപ്പ് വാങ്ങുമ്പോള്‍ പലരും ഒറിജനല്‍ അല്ലേ എന്ന് ഉറപ്പുവരുത്താറുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി ഇഎംഐ ഇട്ട് ആഗ്രഹിച്ച് മോഹിച്ച് വാങ്ങുന്ന ഐഫോണ്‍ വ്യാജന്‍ ആണെങ്കിലോ. കൊച്ചിയിലാണ് ഇത്തരത്തില്‍ വ്യാജ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. 

കൊച്ചി പെന്‍റ മേനകയിലെ മൊബൈൽ കടകളിൽ നടത്തിയ പരിശോധനയിലാണ് ആപ്പിളിന്‍റെ ചിഹ്നം പതിപ്പിച്ച വ്യാജ ഉൽപ്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. നാലുകോടി ഇരുപത് ലക്ഷം രൂപ വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് കണ്ടെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ചാർജറുകൾ, ബാറ്ററി, അഡാപ്റ്റർ , മൊബൈൽ കെയ്സുകൾ തുടങ്ങി ആപ്പിളിന്‍റെ പേരിൽ വ്യാജന്മാർ ഇവിടെ സുലഭമാണ്. 4975 മൊബൈൽ പാർട്സ് ആണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടുപേരെ കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ഏഴു കടകളിൽ നിന്നായാണ് വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. വ്യാപകമായി പരാതികൾ ഉയർന്നത്തോടെയാണ് പൊലീസ് പരിശോധന. വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾക്ക് ഒരുങ്ങുകയാണ് പൊലീസ്.

ENGLISH SUMMARY:

A massive haul of fake Apple products has been discovered, with counterfeit items being sold as genuine. Authorities are investigating the origin and taking action to safeguard consumers.