തൊഴിൽ പീഡന പരാതിക്ക് പിന്നാലെ പാലാരിവട്ടം ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് സ്ഥാപനത്തിലേക്ക് യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയുമാണ് മാർച്ച് നടത്തിയത്. എന്നാൽ സംഭവമായി സ്ഥാപനത്തിന് ബന്ധമില്ലെന്ന് ഉടമ ജോയ് ജോസഫ് പൊലീസിനോട് പറഞ്ഞു.
തൊഴിൽ പീഡനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാർച്ചുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നോർത്ത് ജനതയിലെ ഓഫീസിലേക്ക് തള്ളിക്കയറി. കസേര ഉൾപ്പെടെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ജീവനക്കാരെ പുറത്തിറക്കി ഓഫീസ് പൂട്ടാനുള്ള ശ്രമത്തിനിടെ പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി. ഓഫീസിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
പീഡനം നടന്നത് പാലാരിവട്ടത്തെ സ്ഥാപനത്തിലല്ലെന്നാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫ് പൊലീസിനോട് പറഞ്ഞത്. തൊഴിൽ പീഡനം നടന്നത് തന്‍റെ ഫ്രാഞ്ചൈസി സ്ഥാപനത്തിൽ ആണെന്നും അതുമായി ബന്ധമില്ലെന്നും ജോയ് ജോസഫ് പൊലീസിനെ അറിയിച്ചു. തൊഴിലാളി പീഡനത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പാലാരിവട്ടം സിഐ പറഞ്ഞു. സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി.