മധ്യപ്രദേശിലെ സ്വകാര്യ മിഷനറി ആശുപത്രിയിൽ വ്യാജ ഡോക്ടർ ഹൃദയ ശസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്ന് ഏഴ് രോഗികള്‍ മരിച്ചു. ദാമോ സിറ്റിയിലെ ക്രിസ്ത്യൻ മിഷനറി ആശുപത്രിയിലാണ് സംഭവം നടന്നത്. ശസ്ത്രക്രിയക്ക് വിധേയരായ ഏഴ് രോഗികൾ ഒരു മാസത്തിനുള്ളിലാണ് മരിച്ചത്. പിന്നാലെയുള്ള അന്വേഷണത്തിലാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ വ്യാജനാണെന്ന് തെളിഞ്ഞത്.
എൻ. ജോൺ കെം എന്ന പ്രമുഖ ബ്രിട്ടീഷ് ഡോക്ടറുടെ പേരിലാണ് പ്രതിയായ ആൾ ആശുപത്രിയില്‍ കാർഡിയോളജിസ്റ്റായി ജോലിക്കു കയറിയത്. തുടർച്ചയായ മരണത്തിനുപിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തി. ആൾമാറാട്ടക്കാരൻ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ രേഖകൾ വ്യാജമായുണ്ടാക്കിയാണ് ആശുപത്രിയിൽ സമർപ്പിച്ചത്.
ഏഴ് പേർ മരിച്ചെന്നത് ഔദ്യോഗിക കണക്കാണെന്നും അനൗദ്യോഗിക എണ്ണം ഇതിലുംകൂടുമെന്നും ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. ദീപക് തിവാരി പറഞ്ഞു. സംഭവത്തിൽ ദീപക് തിവാരി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ഹൈദരാബാദിൽ ഇയാൾക്കെതിരെ ഒരു കേസുണ്ടെന്നും അയാൾ യഥാർഥ രേഖകൾ കാണിച്ചിട്ടില്ലെന്നും തിവാരി പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള അന്വേഷണ സംഘം ആശുപത്രിയിൽനിന്ന് രേഖകൾ പിടിച്ചെടുത്തു.
കൂടുതല്‍ അന്വേഷണത്തിൽ ഹൈദരാബാദിൽ ഒരു ക്രിമിനൽ കേസുകൾപ്പെടെ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്നും കണ്ടെത്തി. മിഷനറി ആശുപത്രിയിൽ ഒന്നിലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദാമോ എസ്പി അഭിഷേക് തിവാരി പറഞ്ഞു.