image: screengrab X
ഭര്‍ത്താവിനെയും അമ്മായി അമ്മയെയും പൊതിരെ തല്ലിയും മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ചും യുവതിയുടെ പരാക്രമം. ഭോപ്പാലിലാണ് സംഭവം. മീററ്റില്‍ യുവാവിനെ കൊലപ്പെടുത്തിയതിന് സമാനമായി കൊല്ലുമെന്ന് ഭാര്യ ഭീഷണി മുഴക്കിയതായും യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.കഴിഞ്ഞമാസമാണ് ലഹരി മുടങ്ങുമെന്ന ഭയത്തില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് മീററ്റില്‍ യുവാവിനെ 15 കഷണങ്ങളായി വെട്ടിക്കൊന്ന് വീപ്പയിലാക്കി സിമന്‍റ് തേച്ച് അടച്ചത്. താനും അമ്മയും ഇതുപോലെ കൊല്ലപ്പെട്ടേക്കാമെന്നാണ് യുവാവിന്‍റെ ഭീതി. ഭാര്യയുടെ പിതാവും സഹോദരങ്ങളും മര്‍ദനത്തില്‍ പങ്കുചേര്‍ന്നുവെന്നും യുവാവ് ആരോപിക്കുന്നു.
ഗ്വാളിയാറില്‍ കാറുകളുടെ സ്പെയര്‍ പാര്‍ട്സ് കട നടത്തുന്ന വിശാല്‍ ബത്രയാണ് പരാതിക്കാരന്‍. വിശാലും അമ്മയും ഭാര്യയുമായി താമസിക്കുന്ന വീട്ടിലേക്ക് ഭാര്യയുടെ പിതാവും സഹോദരന്‍മാരും എത്തിയെന്നും പിന്നാലെ എല്ലാവരും ചേര്‍ന്ന് ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും തങ്ങളുടെ വീട് കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. അമ്മയെ വൃദ്ധസദനത്തില്‍ ആക്കാന്‍ വിസമ്മതിച്ചതാണ് ഉപദ്രവങ്ങളുടെ തുടക്കമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തന്നെ ഭാര്യാപിതാവും സഹോദരന്‍മാരും ചേര്‍ന്ന് മര്‍ദിക്കുന്നത് കണ്ട് ചോദിക്കാനെത്തിയതോടെ അമ്മയെ മുടിക്കുത്തിന് പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നുവെന്നാണ് യുവാവിന്‍റെ മൊഴി. ഉപദ്രവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും യുവാവ് ഹാജരാക്കി.
വിശാലിനെ ഭാര്യ വഴിയിലിട്ട് തല്ലുന്നതിന്‍റെയും അപമാനിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും കെട്ടിടസമുച്ചയത്തില്‍ നിന്നും പൊലീസ് കണ്ടെത്തി. അയല്‍വാസികള്‍ ഇടപെട്ടാണ് അന്ന് യുവതിയെ പിന്തിരിപ്പിച്ചതെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. സഹിക്കാവുന്നതിനുമപ്പുറം പീഡനങ്ങള്‍ സഹിച്ചുവെന്നും ഇനിയും വയ്യെന്നും വിശാല്‍ പൊലീസിനോട് പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വിശാലിനെ അവിടെയെത്തിയും യുവതിയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തി. യുവാവിന്‍റെ പേരിലുള്ള വീട്ടില്‍ നിന്നും ഇരുവരെയും പുറത്താക്കിയ ശേഷം താക്കോലുമായി ഇയാള്‍ കടന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.