TOPICS COVERED

കനത്ത വേനൽ മഴയിൽ  ഇടുക്കിയിൽ  ഒരു മരണം.  മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. നെടുംകണ്ടത്ത് ഒരു വീടും തകർന്നു. പത്തനംതിട്ട നഗരത്തിലെ രണ്ടു ബാങ്കുകളിൽ വെള്ളം കയറി 

അയ്യപ്പൻകോവിൽ സുൽത്താനിയായിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത് . ഏലത്തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ ഉയർന്ന പ്രദേശത്തു നിന്ന് മണ്ണും കല്ലും ദേഹത്തേക്ക് പതിക്കുകയായിരുന്നു.  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുണ്ടക്കയത്ത്  കീച്ചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന 7 തൊഴിലാളികൾക്കാണ് ഇടിമിന്നൽ ഏറ്റത്.

അഞ്ചുപേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ടുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർക്കും പരുക്ക് ഗുരുതരമല്ല. നെടുങ്കണ്ടത്ത് പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്. വീടിനകത്ത് വയറിങ് കത്തി നശിച്ചു. വീട്ടിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പത്തനംതിട്ട അബ്ബാൻ ജംഗ്ഷനിലെ യൂണിയൻ ബാങ്കിലും കാനറാ ബാങ്കിനും ഉള്ളിലാണ് വെള്ളം കയറിയത്. യൂണിയൻ ബാങ്കിൽ രണ്ടര അടിയോളം വെള്ളം നിറഞ്ഞു . കനത്ത മഴയും മുന്നിലെ ഓട അടഞ്ഞതും ആണ് പെട്ടെന്ന് വെള്ളം ഇരച്ചു കയറാൻ കാരണം . റോഡിൽനിന്ന് രണ്ടടിയിൽ അധികം താഴ്ചയിലാണ് കെട്ടിടത്തിന്റെ താഴത്തെ നില. സമീപത്തെ മൂന്ന് എടിഎം കൗണ്ടറുകൾക്കുള്ളിൽ വെള്ളം കയറി.

ഫയർഫോഴ്സ് ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് ബാങ്കിനുള്ളിൽ നിറഞ്ഞ വെള്ളം പമ്പ് ചെയ്തു കളഞ്ഞത്. കാര്യമായ നഷ്ടങ്ങളില്ലെന്നു ബാങ്ക് ജീവനക്കാർ പറഞ്ഞു

ENGLISH SUMMARY: